1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2023

സ്വന്തം ലേഖകൻ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് കടന്ന് കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുള്ള വ്യക്തി തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍ സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കുടുംബത്തിന് വിട്ട് നല്‍കിയതായും സുധാകരന്‍ പറഞ്ഞു. കുടുംബം നിര്‍ദേശിക്കുന്ന പേര് പാര്‍ട്ടി അംഗീകരിക്കും. കുടുംബത്തിന്റെ തീരുമാനമാണ് പ്രധാനം, സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും സുധാകരന്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതിൽ ഉമ്മൻ ചാണ്ടിയുടെ കാര്യമായതിനാൽ രാഷ്ട്രീയമില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് അനുസ്മരണയോഗം. സുധാകരനാണ് അനുസ്മരണ സമ്മേളനത്തിന്റെ അധ്യക്ഷത വഹിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി എത്തുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ പിണറായി വിജയന്‍ നേരിട്ടെത്തി കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയിലടക്കം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ചെയ്ത സഹായങ്ങള്‍ക്ക് മകന്‍ ചാണ്ടി ഉമ്മന്‍ നന്ദി പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ മരണത്തിന് പിന്നാലെ വൈകാരികമായ കുറിപ്പും പിണറായി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിടപറയൽ അതീവ ദുഖകരമാണെന്ന് പിണറായി കുറിച്ചു.

അഞ്ച് പതിറ്റാണ്ടായി ഉമ്മന്‍ ചാണ്ടിയെന്ന് ജനകീയ നേതാവിന്റെ കൈകളില്‍ സുരക്ഷിതമായിരുന്ന മണ്ഡലം തിരിച്ചു പിടിക്കുക എന്ന ദൗത്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മുന്നിലുള്ളത്. സ്ഥാനാര്‍ഥി സംബന്ധിച്ച് എല്‍ഡിഎഫും യുഡിഎഫും ഒന്നും വിട്ടു പറയുന്നില്ലെങ്കിലും പിന്നണിയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം. ഉമ്മന്‍ ചാണ്ടിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന് തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയുട നറുക്ക് വീഴാന്‍ സാധ്യത. മറുപാളയത്തില്‍ ജെയ്ക് സി തോമസിന് മൂന്നാം തവണയും സിപിഎം അവസരം കൊടുക്കുമോയെന്നാണ് മറ്റൊരു ചോദ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.