1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2023

സ്വന്തം ലേഖകൻ: മണിപ്പുരിലെ അക്രമങ്ങള്‍ മിസോറമിലും അശാന്തി പടര്‍ത്തുന്നു. ജീവന്‍ വേണമെങ്കില്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന മുന്‍ വിഘടനവാദികളായ മിസോ നാഷണല്‍ ഫ്രണ്ടില്‍ (എം.എന്‍.എഫ്.) നിന്നുള്ളവര്‍ മുന്നറിയിപ്പുനല്‍കിയതോടെ മെയ്ത്തി വിഭാഗക്കാര്‍ കൂട്ടത്തോടെ മിസോറമില്‍നിന്ന് സ്വദേശത്തേക്കും അസമിലേക്കും പലായനംതുടങ്ങി.

മണിപ്പുരില്‍നിന്ന് ജോലിക്കും മറ്റുമായി മിസോറമിലെത്തിയവരാണിവര്‍. റോഡുമാര്‍ഗവും വിമാനമാര്‍ഗവും ഇവര്‍ മടങ്ങുകയാണ്. റോഡുയാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ഇവര്‍ക്കായി ഞായറാഴ്ച മണിപ്പുരിലെ ബീരേന്‍ സിങ് സര്‍ക്കാര്‍ പ്രത്യേകവിമാനങ്ങളും ഏര്‍പ്പെടുത്തി. ശനിയാഴ്ച അറുപതോളം മെയ്തികള്‍ വിമാനമാര്‍ഗം തിരിച്ചെത്തിയിരുന്നു. 41 പേരാണ് അസമിലെത്തിയത്.

മിസോറം സമാധാനക്കരാറിന്റെ ഭാഗമായി സമാധാനത്തിന്റെ പാതയിലേക്കുതിരിഞ്ഞ എം.എന്‍.എഫിന്റെ ‘ദ പീസ് അക്കോഡ് എം.എന്‍.എഫ്. റിട്ടേണീസ് അസോസിയേഷന്‍’ (പി.എ.എം.ആര്‍.എ.) ആണ് ശനിയാഴ്ച മെയ്തികളോട് സംസ്ഥാനംവിടാന്‍ ആവശ്യപ്പെട്ടത്. മണിപ്പുരിലെ ആക്രമികളുടെ കാടത്തവും ക്രൂരതയും നിറഞ്ഞ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മിസോറമിലെ യുവാക്കള്‍ രോഷാകുലരാണെന്നും ഈ സാഹചര്യത്തില്‍ മെയ്ത്തികള്‍ സംസ്ഥാനത്ത് തുടരുന്നത് സുരക്ഷിതമല്ലെന്നും പി.എ.എം.ആര്‍.എ. പത്രക്കുറിപ്പിറക്കി.

മിസോ വിഭാഗക്കാരും കുക്കികളും വര്‍ഗബന്ധമുള്ളവരാണ്. മ്യാന്‍മാറില്‍നിന്നുള്ള ചിന്‍സും ബംഗ്ലാദേശില്‍നിന്നുള്ള ചിന്‍-കുക്കിസും ചേര്‍ന്നതാണ് മിസോറമിലുള്ളവര്‍. ബീരേന്‍ സിങ് സര്‍ക്കാരിന്റെ കണക്കുപ്രകാരം മിസോറമില്‍ സര്‍വകലാശാലയിലെ അധ്യാപകരടക്കം രണ്ടായിരത്തോളം മണിപ്പുരികളുണ്ട്. അക്രമം വ്യാപിച്ചതോടെ 12,584 കുക്കികളും മിസോറമില്‍ അഭയംതേടിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും ആശങ്കാകുലരാണ്. പലരും വാടകവീടുകളില്‍ സാധനങ്ങളെല്ലാം ഉപേക്ഷിച്ചാണ് സ്ഥലംവിടുന്നത്.

പി.എം.ആര്‍.എം.എ.യുടെ പ്രസ്താവനയ്ക്കുപിന്നാലെ തലസ്ഥാനമായ ഐസ്വാളിലുള്‍പ്പെടെ മിസോറം സര്‍ക്കാര്‍ കനത്തസുരക്ഷ ഒരുക്കി. മെയ്ത്തികളുടെ സുരക്ഷ ഉറപ്പാക്കന്‍ നടപടി ആവശ്യപ്പെട്ട് മിസോറം ആംഡ് ബറ്റാലിയനും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും മിസോറം ഡി.ഐ.ജി. ലല്ലിയന്‍ മാവിയ കത്തുനല്‍കി. ആഭ്യന്തര സെക്രട്ടറി എച്ച്. ലാലേങ് മാവിയ പി.എ.എം.ആര്‍.എ. പ്രതിനിധികളുമായി ചര്‍ച്ചയും നടത്തി.

മെയ്ത്തികളുടെ സുരക്ഷയാണ് പത്രക്കുറിപ്പിലൂടെ ഉദ്ദേശിച്ചതെന്നും പ്രസ്താവന വളച്ചൊടിക്കപ്പെട്ടതില്‍ ഖേദമുണ്ടെന്നും സംസ്ഥാനത്തിന്റെ സമാധാനത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും പി.എ.എം.ആര്‍.എ. അറിയിച്ചതായി സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.