സ്വന്തം ലേഖകൻ: മൂന്നു മാസം മുമ്പ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യക്കാര്‍ക്ക് നടപ്പാക്കിയ പേപ്പര്‍ വീസ 12 രാജ്യങ്ങളില്‍ കൂടി ഏര്‍പ്പെടുത്താന്‍ സൗദി തീരുമാനം. വീസകള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നത് നിര്‍ത്തലാക്കി പകരം എ ഫോര്‍ പ്രിന്റൗട്ട് എടുക്കുന്ന രീതിയാണിത്. വിമാനത്താവളങ്ങളില്‍ പാസ്‌പോര്‍ട്ടിനൊപ്പം ക്യുആര്‍ കോഡുള്ള ഈ പേപ്പര്‍ കാണിച്ചാല്‍ മതിയാവും.
പാകിസ്താന്‍, ശ്രീലങ്ക, യമന്‍, സുഡാന്‍, ഉഗാണ്ട, ലബനാന്‍, നേപ്പാള്‍, തുര്‍ക്കി, കെനിയ, മൊറോക്കോ, വിയറ്റ്‌നാം, തായ്‌ലന്റ് എന്നീ 12 രാജ്യങ്ങളില്‍ കൂടി പേപ്പര്‍ വീസ പ്രാബല്യത്തില്‍ വരും. മൂന്നു മാസത്തിനിടെ ഘട്ടംഘട്ടമായി ഈ രാജ്യങ്ങളില്‍ നടപ്പാക്കാനാണ് തീരുമാനം. നേരത്തേ ഇന്ത്യ, ബംഗ്ലാദേശ്, യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് രാജ്യങ്ങളിലാണ് പേപ്പര്‍ വീസ കൊണ്ടുവന്നത്.
തൊഴില്‍ വീസ, വിസിറ്റ് വീസ തുടങ്ങി എല്ലാ വീസകളും ഇനി പേപ്പര്‍ ഫയലായിരിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ മെയ് ഒന്നുമുതലാണ് പാസ്‌പോര്‍ട്ടുകളില്‍ വീസ സ്റ്റാമ്പ് ചെയ്യുന്നത് ഒഴിവാക്കിയത്. പ്രാരംഭഘട്ടത്തില്‍ പാസ്‌പോര്‍ട്ടില്‍ വീസ സ്റ്റാമ്പ് ചെയ്യാത്തവരെ മുംബൈ അടക്കമുള്ള ചില വിമാനത്താവളങ്ങളില്‍ നിന്ന് സൗദിയിലേക്ക് യാത്രചെയ്യാന്‍ അനുവദിക്കാതെ വിമാന കമ്പനികള്‍ മടക്കിയത് പ്രയാസം സൃഷ്ടിച്ചിരുന്നു.
തുടര്‍ന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് എയര്‍ലൈനുകള്‍ക്ക് വീണ്ടും സര്‍ക്കുലര്‍ നല്‍കി ആശയക്കുഴപ്പം ഒഴിവാക്കുകയായിരുന്നു. പാസ്‌പോര്‍ട്ടില്‍ നേരത്തേ വീസ സ്റ്റാമ്പ് ചെയ്തവര്‍ക്കും യാത്രചെയ്യാമെന്നും വീസ പ്രിന്റൗട്ട് ഇല്ലാത്തവരെ തിരിച്ചയക്കരുതെന്നും സൗദി കോണ്‍സുലേറ്റ് അറിയിച്ചിരുന്നു.
പുതിയ സമ്പ്രദായം ആവിഷ്‌കരിച്ചതായി അറിയിച്ച് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് എല്ലാ എയര്‍ലൈന്‍സുകള്‍ക്കും മെയ് ഒന്നിന് മുമ്പ് തന്നെ സര്‍ക്കുലര്‍ നല്‍കിയിരുന്നു. കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റില്‍ നിന്ന് വീസ ഡൗണ്‍ലോഡ് ചെയ്താണ് യാത്രക്കാര്‍ ഉപയോഗിക്കേണ്ടത്. നേരത്തേ വീസ സ്റ്റിക്കര്‍ പതിച്ച പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് പ്രിന്റൗട്ട് ആവശ്യമില്ല.
വീസ സ്റ്റാമ്പ് ചെയ്യുന്നതിന് പാസ്‌പോര്‍ട്ട് സ്വീകരിക്കുന്നത് കോണ്‍സുലേറ്റ് ഒഴിവാക്കിയിരുന്നു. സാമ്പത്തിക ചെലവ് കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കാനും വീസ പേജ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന സമ്പദായത്തിലൂടെ സാധിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല