1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2023

സ്വന്തം ലേഖകൻ: അന്യഗ്രഹ ജീവികളുടെ പേടകം യുഎസ് രഹസ്യമായി സൂക്ഷിക്കുന്നുനവെന്നും അതില്‍ നിന്ന് മനുഷ്യരല്ലാത്ത ജീവികളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചുവെന്നുമുള്ള വെളിപ്പെടുത്തലുമായി മുന്‍ യുഎസ് എയര്‍ഫോഴ്‌സ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മേജര്‍. ഡേവിഡ് ഗ്രഷ്. ദീര്‍ഘകാലമായി യുഎസ് ഈ രഹസ്യം മറച്ചുവെക്കുകയാണെന്നും ഗ്രഷ് ആരോപിക്കുന്നു. യുഎസ് സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ തെളിവെടുപ്പിലാണ് ഗ്രഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

യുഎസ് സ്റ്റേറ്റ് കോണ്‍ഗ്രസിന് മുന്നില്‍ ഹാജരായ അണ്‍ ഐഡന്റിഫൈഡ് ഏരിയല്‍ ഫിനോമിന അഥവാ ആകാശത്ത് കണ്ട അജ്ഞാത പ്രതിഭാസങ്ങള്‍ക്ക് സാക്ഷികളായ മൂന്ന് പേരില്‍ ഒരാളാണ് ഗ്രഷ്. താന്‍ ഓള്‍ ഡൊമൈന്‍ അനോമലി റസലൂഷന്‍ ഓഫീസിന്റെ ഭാഗമായിരുന്ന കാലത്ത് യൂഎസില്‍ വന്ന് പതിച്ച അജ്ഞാതമായ പറക്കുന്ന വസ്തു കണ്ടെടുക്കാനായി നടത്തിയ ദശാബ്ദങ്ങള്‍ നീണ്ട പദ്ധതിയെ കുറിച്ച് തനിക്കറിയാന്‍ കഴിഞ്ഞുവെന്ന് ഗ്രഷ് പറയുന്നു.

1930-കളില്‍ യുഎസ് സര്‍ക്കാര്‍ മനുഷ്യേതര ജീവികളെ കണ്ടെത്തിയിട്ടുണ്ട്. അന്യഗ്രഹ പേടകം യുഎസിന്റെ കൈവശമുണ്ടെന്നും അത് പ്രവര്‍ത്തിപ്പിച്ചിരുന്ന മനുഷ്യരല്ലാത്ത ജീവികളുടെ അവശിഷ്ടങ്ങള്‍ സര്‍ക്കാര്‍ കൈവശമുണ്ടെന്ന് തനിക്ക് തീര്‍ച്ചയാണെന്നും ഗ്രഷ് പറയുന്നു. നേവി പൈലറ്റായിരുന്ന റയാന്‍ ഗ്രേവ്‌സ്, നേവി കമാന്ററായിരുന്ന ഡേവിഡ് ഫ്രേവര്‍ എന്നിവരും തങ്ങള്‍ ജോലി ചെയ്തിരുന്ന കാലത്ത് കണ്ട അജ്ഞാത പറക്കും വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ഹൗസ് ഓവര്‍സൈറ്റ് കമ്മറ്റിക്ക് മുമ്പില്‍ വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷമാണ് ഗ്രഷ ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. യുഎസിലെ ഉന്നത ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമാക്കിവെക്കുകയാണെന്നും മനുഷ്യരുടേതല്ലാത്ത പേടകവുമായി നേരിട്ട് അറിവുള്ള ആളുകളുമായി വ്യക്തിപരമായി സംസാരിട്ടുണ്ടെന്നും ഗ്രഷ് പറയുന്നു.

നിയമപരമായി പ്രവര്‍ത്തിച്ചിച്ചിരുന്ന ഏറെ കാലമായി രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന ആളുകളില്‍ നിന്നാണ് തനിക്ക് ഈ വിവരങ്ങള്‍ ലഭിച്ചത് എന്ന് ഗ്രഷ് പറയുന്നു. ഫോട്ടോകള്‍, രേഖകള്‍, രഹസ്യമൊഴികള്‍ എന്നിവയടങ്ങുന്ന തെളിവുകളും അവര്‍ പങ്കുവെച്ചിട്ടുണ്ടെന്നും ഗ്രഷ് പറയുന്നു.

ഇത്തരം പദ്ധതികള്‍ കോണ്‍ഗ്രസിന് മുന്നിലെത്തിക്കാതിരിക്കാന്‍ സൈന്യം ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും ഗ്രഷ് ആരോപിക്കുന്നു. വിവരം രഹസ്യമാക്കിവെക്കാന്‍ ആളുകളെ ഭീഷണിപ്പെടുത്തുകയാണെന്നും ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്നും ഗ്രഷ് ആരോപിച്ചു.

അതേസമയം ഗ്രഷിന്റെ ആരോപണങ്ങള്‍ പെന്റഗണ്‍ നിഷേധിച്ചു. അന്യഗ്രഹ വസ്തുക്കളെ വീണ്ടെടുക്കാനുള്ള യാതൊരു വിധ പദ്ധതികളും മുന്‍കാലങ്ങളില്‍ നടന്നതുമായി ബന്ധപ്പെട്ടോ ഇപ്പോള്‍ നടക്കുന്നതുമായി ബന്ധപ്പെട്ടോ ഉള്ള വിവരങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായിട്ടില്ലെന്ന് പ്രതിരോധ വകുപ്പ് വക്താവ് സ്യൂ ഗഫ് പറഞ്ഞു.

പൈലറ്റുമാര്‍ റപ്പോര്‍ട്ട് ചെയ്ത അജ്ഞാത ആകാശ പ്രതിഭാസങ്ങള്‍ യഥാര്‍ത്ഥമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ അവ എന്താണെന്നതിനുള്ള ഉത്തരം തങ്ങളുടെ പക്കലില്ലെന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.