സ്വന്തം ലേഖകൻ: വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിന് അനുവദിച്ചപ്പോഴുള്ള പ്രതികരണം കാണിക്കുന്നത് വേഗമുള്ള റെയില്‍ സഞ്ചാരം കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി തങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ നടപ്പാക്കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാര്‍ അതിന് അനുകൂലമായി ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ഒരുകാലം ഇതിന് അംഗീകാരം തരേണ്ടതായി വരും. തല്‍ക്കാലം മുന്നോട്ടുകൊണ്ടുപോകുന്നില്ല എന്ന നിലപാടാണ് നേരത്തെ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പാട്യം ഗോപാലന്‍ പഠനഗവേഷണ കേന്ദ്രവും കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കെ റെയിലിനെ നഖശിഖാന്തം എടുത്തവര്‍ വന്ദേഭാരത് വന്നപ്പോള്‍ കണ്ടകാര്യമെന്താണ്? ജനങ്ങളുടെ മനസാണത് കാണിക്കുന്നത്. വേഗമുള്ള റെയില്‍ സഞ്ചാരം കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് വന്ദേഭാരത് വന്നപ്പോള്‍ നാം കണ്ടത്. ഞങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ നടപ്പാക്കാന്‍ കഴിയില്ല. റെയില്‍വേയുടെ കാര്യം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ നടത്താന്‍ കഴിയുകയുള്ളൂ. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അതിന് അനുകൂലമായി പ്രതികരിക്കുന്നില്ല.
പ്രതികരിക്കുന്ന ഘട്ടത്തിലെല്ലാം നേരത്തെ അതിനെതിരായി പറഞ്ഞുകൊണ്ടിരുന്നു. അത്തരമൊരു പദ്ധതിയുമായി കേരളത്തിന് മാത്രമായി മുന്നോട്ട് പോകാന്‍ കഴിയില്ല. ഒരുകാലം ഇതിന് അംഗീകാരം തരേണ്ടതായി വരും. ഇപ്പോള്‍ തല്‍ക്കാലം ഞങ്ങളായത് മുന്നോട്ടുകൊണ്ടുപോകുന്നില്ല എന്ന നിലപാടാണ് നേരത്തെ എടുത്തത്. ഇപ്പോള്‍ കേരളത്തിന്റെ മനസ് അത്തരത്തിലൊരു റെയില്‍ വേണമെന്ന് ചിന്തിക്കുന്നിടത്ത് എത്തിയില്ലേ?’, പിണറായി വിജയന്‍ ചോദിച്ചു.
വികസന കാര്യങ്ങളെ ഏതെല്ലാം തരത്തില്‍ അട്ടിമറിക്കാന്‍ കഴിയും എന്ന് പരിശ്രമിക്കുന്നതാണ് നമ്മുടെ നാട്ടില്‍ കാണുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സങ്കുചിതമായ കക്ഷിരാഷ്ട്രീയ താത്പര്യംകൊണ്ട് ശ്രമിക്കുന്നതാണിത്. വികസന പദ്ധതികള്‍ വരുമ്പോള്‍ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി ‘നിങ്ങളിപ്പോള്‍ ചെയ്യണ്ട’ എന്ന നിലപാട് ഒരു കൂട്ടര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമങ്ങള്‍ക്കെതിരേയും കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. ‘നിഷ്പക്ഷമെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമെന്നും അവകാശപ്പെടുന്ന മാധ്യമങ്ങള്‍ നിരന്തരമായി കള്ളം പ്രചരിപ്പിക്കുന്നു. ഒരു മടിയും നാണവുമില്ലാതെ ആ പണി ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാദിവസവും അതിന്റെ ഭാഗമായി കള്ളം പടച്ചുവിട്ട് ആളുകളിലേക്ക് എത്തിച്ച് അവരുടെ മനസിനെ എല്‍.ഡി.എഫിനെ എതിരായി മാറ്റാന്‍ ശ്രമിക്കുന്നു. എന്നാല്‍, അത് ഏശുന്നില്ല. ഏശാതിരിക്കുമ്പോള്‍ കൂടുതല്‍ വാശിവരുന്നു’, അദ്ദേഹം പറഞ്ഞു.
നായനാര്‍ സര്‍ക്കാരാണ് കണ്ണൂരില്‍ വിമാനത്താവളം വേണമെന്ന ചിന്തയോടെ മട്ടന്നൂരില്‍ സ്ഥലം കണ്ടെത്തിയതും പ്രാരംഭ നടപടികള്‍ നടത്തിയതും. സര്‍ക്കാര്‍ ഏതായാലും നാടിന്റെ വികസനത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്. പിന്നീട് അധികാരത്തില്‍വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ ഈ വികസന സംരംഭത്തെ അനുകൂലിച്ചില്ല, അട്ടിമറിക്കാന്‍ ശ്രമിച്ചു. 2001-ല്‍ നായനാര്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചിടത്ത് തന്നെയായിരുന്നു 2006 പുതിയ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ എത്തിനിന്നത്.
2006-ലെ എല്‍.ഡി.എഫ്. സര്‍ക്കാരാണ് നായനാര്‍ സര്‍ക്കാര്‍ തുടങ്ങിയ സ്ഥലമേറ്റടെപ്പ് ത്വരിതഗതിയിലാക്കിയത്. 2001 മുതല്‍ 2005 വരെ നഷ്ടപ്പെട്ട അഞ്ചുവര്‍ഷക്കാലത്തിന്റെ ദുരന്തം ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളം ഏറ്റുവാങ്ങുകയാണ്. ഇന്ത്യയിലെ പ്രശ്‌സതമായ വിമാനത്താവളങ്ങളുടെ നിരയില്‍ വരാവുന്നതാണ് കണ്ണൂര്‍ വിമാനത്താവളം.
എന്നാല്‍, ആ വിമാനത്താവളത്തിന് നേടാന്‍ കഴിയുമായിരുന്ന പുരോഗതി ഇന്നും നേടാന്‍ കഴിഞ്ഞില്ല. കേന്ദ്രത്തിന്റെ നയം മാറിയതാണ് കാരണം. അഞ്ചുവര്‍ഷം നഷ്ടപ്പെട്ടിരുന്നില്ലെങ്കില്‍ ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങള്‍ക്കെല്ലാം അനുവദിക്കപ്പെട്ട സൗകര്യം കണ്ണൂര്‍ വിമാനത്താവളത്തിന് ലഭിക്കുമായിരുന്നവെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘കുറേ സമ്പത്ത് ഉണ്ടാക്കിവെച്ച് ബാക്കിയെല്ലാം നാടിന് ചേരാത്ത നിലയാണെങ്കില്‍ എന്ത് വികസനമാണ് അവിടെ? അതൊരു വികസിത നാടാണെന്ന് പറയാന്‍ പറ്റുമോ. വികസിത നാടെന്നാല്‍ എല്ലാതലത്തിലുമുള്ള വികസനമാണ്’, മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല