സ്വന്തം ലേഖകൻ: യാത്രക്കാരെ കുഴക്കി ഇടവേളക്കുശേഷം വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്. വെള്ളിയാഴ്ച സമയക്രമം മൊത്തം തെറ്റിച്ച വിമാനത്തിന്റെ സാങ്കേതിക തകരാർ യാത്രക്കാരെ ദുരിതത്തിലാക്കി. വിമാനത്തിൽ യാത്രക്കാർ കയറിയ ശേഷമുണ്ടായ സാങ്കേതിക തകരാർ മൂന്നു മണിക്കൂർ അവരെ വിമാനത്തിൽ കുരുക്കി. കോഴിക്കോടുനിന്ന് കുവൈത്തിലേക്ക് രാവിലെ ഒമ്പതിന് പുറപ്പെടേണ്ട വിമാനം 11നാണ് വെള്ളിയാഴ്ച പുറപ്പെട്ടത്.
ഇതിനാൽ കുവൈത്തിൽ നിന്ന് 12.20നുള്ള വിമാനം ഉച്ചകഴിഞ്ഞ് 2.16നും റീ ഷെഡ്യൂൾ ചെയ്തു. വിമാനം വൈകുമെന്ന് യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിരുന്നു. കോഴിക്കോട്ടുനിന്ന് 11ന് പുറപ്പെട്ട വിമാനം രണ്ടുമണിക്കുമുമ്പ് കുവൈത്തിൽ എത്തുകയും തുടർന്ന് കുവൈത്ത് -കോഴിക്കോട് യാത്രക്കാരെ രണ്ടുമണിയോടെ വിമാനത്തിൽ കയറ്റുകയും ചെയ്തു. വിമാനം റൺവേയിൽ കുറച്ചുനേരം ഓടിയശേഷം സാങ്കേതിക തകരാർ മൂലം നിർത്തി.
ഉടൻ പുറപ്പെടുമെന്ന് ആദ്യ അറിയിപ്പ് വന്നെങ്കിലും പ്രശ്നം പരിഹരിച്ചില്ല. ഇതോടെ കുവൈത്തിലെ കൊടും ചൂടിൽ യാത്രക്കാർ വിമാനത്തിൽ കുരുങ്ങി. പ്രശ്നം പരിഹരിച്ച് കുവൈത്ത് സമയം വൈകീട്ട് അഞ്ചിനാണ് വിമാനം പുറപ്പെട്ടത്. അടിയന്തര യാത്രക്കാർ ദുരിതത്തിലായി. സഹോദരിയും മാതാവും മരിച്ചതിനെ തുടർന്ന് നാട്ടിൽ പോകുന്നവർ അടക്കം നിരവധി യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.
വെക്കേഷൻ ആയതിനാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരും ഏറെയായിരുന്നു. അസുഖം കാരണം ആശുപത്രിയിലേക്ക് പോകുന്ന രോഗികളും വിമാനത്തിൽ ഉണ്ടായിരുന്നു. കനത്ത ചൂടും ദീർഘനേരം വിമാനം വൈകിയതും ഇവരെയെല്ലാം പ്രയാസത്തിലാക്കി. നോമ്പെടുത്ത യാത്രക്കാരെയും സമയമാറ്റം കുഴക്കി.
വിമാനങ്ങളുടെ വൈകലും യാത്രക്കാരന്റെ അവകാശങ്ങളും
യാത്രയിൽ വിമാനങ്ങളുടെ വൈകിപ്പുറപ്പെടലും അപ്രതീക്ഷിതമായ റദ്ദാക്കലും ഉൾപ്പെടെ പ്രവാസി യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. നാലും അഞ്ചും മണിക്കൂർ വിമാനം വൈകുന്നത് സ്വാഭാവികമായ കാഴ്ചയുമാണ്. എന്നാൽ, ഏറ്റവും വേഗത്തിലും സുരക്ഷിതവുമായി എത്തേണ്ട വിമാന യാത്രയിൽ അനിശ്ചിതമായ താമസമുണ്ടായാൽ ഇന്ത്യൻ വ്യോമയാന നിയമ പ്രകാരം യാത്രക്കാരന് ലഭിക്കേണ്ട അവകാശങ്ങളുണ്ട്.
വിമാന യാത്രയുമായി ബന്ധപ്പെട്ട പരാതികൾ ബോധിപ്പിക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനുകീഴിലെ സംവിധാനമാണ് എയർ സേവ. എയർ സേവ ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ പി.എൻ.ആർ നമ്പർ സഹിതം ‘എയർ സേവ’യിൽ പരാതി നൽകാം.
പ്രീ ട്രാവൽ, യാത്രക്കിടയിൽ, യാത്രക്കുശേഷം എന്നീ ഓപ്ഷനുകളിൽ എയർലൈൻ, എയർപോർട്ട്, കസ്റ്റംസ്, ഡി.ജി.സി, ഇമിഗ്രേഷൻ തുടങ്ങിയ വിഭാഗങ്ങളുമായെല്ലാം ബന്ധപ്പെട്ട് പരാതി നൽകാൻ കഴിയും. വിമാനം റദ്ദാക്കൽ, കാൻസൽ ചെയ്യൽ, വൈകി പുറപ്പെടൽ എന്നീ സാഹചര്യങ്ങളിൽ നിയമാനുസൃത നഷ്ടപരിഹാരം ലഭിക്കാൻ പരാതി ബോധിപ്പിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല