1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2023

സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ യുവതിയെ കൊന്ന കേസില്‍ 2015ല്‍ അറസ്റ്റിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശിയായ അന്‍പുദാസന്‍ നടേശന്റെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചത് അവസാന നിമിഷം. ബ്ലഡ് മണി (ദിയാധനം) സ്വീകരിച്ച് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ട യുവതിയുടെ കുടുംബം തയാറാണെന്ന് ജയില്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ എംബസി ജീവനക്കാരോട് അന്‍പുദാസന്‍ അറിയിച്ചപ്പോഴാണ് അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിഞ്ഞത്.

സാദിഖ് മസ്ജിദ് സ്‌ഫോടനക്കേസ് പ്രതിയായ ഐഎസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ ആറു പേരെ കുവൈത്തില്‍ വ്യാഴാഴ്ച തൂക്കിലേറ്റിയിരുന്നു. ഒരു കുവൈത്ത്, ഒരു ഈജിപ്ഷ്യന്‍, ഒരു അനധികൃത താമസക്കാരന്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരെല്ലാം കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. മയക്കുമരുന്ന് കേസില്‍ ഒരു ശ്രീലങ്കക്കാരനെയും വധശിക്ഷയ്ക്ക് വിധേയമാക്കി.

അന്‍പുദാസന്‍ ഉള്‍പ്പെടെ ഇവരുടെ കൂട്ടത്തില്‍ തൂക്കിലേറ്റപ്പെടേണ്ടിയിരുന്ന രണ്ടു പേരാണ് അവസാനം നിമിഷം ആയുസ് നീട്ടിയെടുത്തത്. കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ബിദൂനിയാണ് മറ്റൊരാള്‍. ഇയാളുടെ ബന്ധുക്കളും ഇരയുടെ കുടുംബത്തില്‍ നിന്ന് മാപ്പപേക്ഷ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് ഒഴിവാക്കിയത്.

കുവൈത്ത് ക്രിമിനല്‍ കോടതിയാണ് അന്‍പുദാസന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കുള്ള നടപടിക്രമങ്ങളെ പറ്റി കുവൈത്ത് അധികൃതര്‍ ഇന്ത്യന്‍ എംബസിക്ക് വിവരം നല്‍കിയിരുന്നു. കൊല്ലപ്പെട്ട ശ്രീലങ്കന്‍ യുവതിയുടെ അനന്തരാവകാശികള്‍ക്ക് ബ്ലഡ് മണി (ദിയാധനം) നല്‍കി മാപ്പപേക്ഷ ലഭിക്കുന്നതിനുള്ള നീക്കം അന്‍പുദാസിന്റെ ബന്ധുക്കള്‍ നടത്തിയിരുന്ന വിവരം ഇന്ത്യന്‍ എംബസിയോ കുവൈത്ത് അധികൃതരോ അറിഞ്ഞിരുന്നില്ല.

ജയില്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ എംബസി ജീവനക്കാര്‍ സമീപിച്ചപ്പോള്‍ മാപ്പ് അപേക്ഷിക്കുള്ള നീക്കങ്ങളെ പറ്റി അന്‍ബുദാസനില്‍ നിന്ന് അറിയുകയും കുവൈത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയുമായിരുന്നു. എംബസി ജീവനക്കാര്‍ ഇന്ത്യന്‍ എംബസി ലേബര്‍ വിഭാഗം മേധാവി അനന്ത സുബ്രഹ്മണ്യ അയ്യരുമായി ബന്ധപ്പെടുകയും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്‍പുദാസിന്റെ നാട്ടിലുള്ള സഹോദരനെ ബന്ധപ്പെട്ട് രേഖകള്‍ വരുത്തിക്കുകയും ചെയ്തു.

കൊല്ലപ്പെട്ട യുവതിയുടെ കുടുംബം മാപ്പുനല്‍കാന്‍ തയാറാണെന്ന് അറിയിക്കുന്ന രേഖ ലഭിച്ചതോടെ കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ആദര്‍ശ് സൈ്വക കുവൈത്ത് ഉന്നത അധികൃതരുമായി ബന്ധപ്പെട്ടു. ഇന്ത്യന്‍ എംബസിയുടെയും കുവൈത്ത് അധികൃതരുടെയും അടിയന്തര നീക്കങ്ങളിലൂടെ അന്‍പുദാസിന് ആയുസ് നീട്ടിക്കിട്ടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.