സ്വന്തം ലേഖകൻ: കേരളത്തെ നടുക്കി ആലുവയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിക്ക് വേദനയോടെ വിടനൽകി നാട്. കുട്ടി ഒന്നാംക്ലാസിൽ പഠിച്ചിരുന്ന ആലുവ തായിക്കാട്ടുകര എല്‍പി സ്കൂളില്‍ പൊതുദർശനത്തിന് ശേഷം കീഴ്മാട് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. സഹപാഠികളും നാട്ടുകാരുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലിയർപ്പിക്കാനായി സ്കൂള്‍ അങ്കണത്തില്‍ എത്തിയത്. അമ്മമാരും അധ്യാപകരുമെല്ലാം അലറിക്കരയുന്ന ഹൃദയഭേദകമായ കാഴ്ചകളായിരുന്നു സ്കൂൾ അങ്കണത്തിൽ. സംസ്കാരചടങ്ങുകളിലും വൻ ജനാവലി പങ്കാളികളായി.
കേസിൽ അറസ്റ്റിലായ ബിഹാർ സ്വദേശിഅസ്ഫാക് ആലത്തിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നിവയ്ക്ക് പുറമെ, പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ സ്വകാര്യഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവേറ്റിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിൽ സംഭവിച്ചതാണെന്നാണ് നിഗമനം. പുഴയോട് ചേര്‍ന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്തേക്കാണ് പ്രതിയായ അസ്ഫാക് ആലം കുട്ടിയെ കൂട്ടികൊണ്ടുപോയത്. ഇവിടെവച്ച് ഇയാള്‍ കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മൂന്ന് വർഷമായി ആലുവയിലെ വീട്ടിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. പാലക്കാട് ഐഐടിയിൽ കരാർ ജീവനക്കാരനാണ് കുട്ടിയുടെ പിതാവ്. സമീപവാസികൾക്കൊക്കെയും കുട്ടി തന്റെ മകളാണെന്ന് അറിയാമെന്നും അസ്ഫാക്കിനൊപ്പം പോകുന്നത് ആരും ചോദ്യം ചെയ്യാതിരുന്നത് എന്താണെന്നുമാണ് കുട്ടിയുടെ പിതാവ് ചോദിക്കുന്നത്. അസ്ഫാക് കുട്ടിക്ക് കടയിൽ നിന്ന് ചോക്ലേറ്റ് വാങ്ങിക്കൊടുക്കുന്നതും ബസിൽ കയറ്റിക്കൊണ്ടു പോകുന്നതും കാണുന്നവർക്ക് ഇതിൽ അസ്വാഭാവികത തോന്നിയിരുന്നില്ലേ എന്നും കുട്ടിയുടെ കുടുംബം ചോദിക്കുന്നു.
ആലുവയിലെ വീട്ടിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. രാത്രിയോടെ കുട്ടിക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് പ്രതിയെ കണ്ടെത്തിയിരുന്നെങ്കിലും, മദ്യ ലഹരിയിൽ ആയിരുന്ന ഇയാളെ ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. രാവിലെ കുട്ടിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇരുവരെയും ആലുവ മാർക്കറ്റിൽ വച്ച് കണ്ട ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി പോലീസിനെ വിവരമറിയിച്ചതാണ് വഴിത്തിരിവായത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കുട്ടിയുമായി അസ്ഫാക് എത്തിയത് വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല