1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2023

സ്വന്തം ലേഖകൻ: തെക്കന്‍ അതിര്‍ത്തിയിലൂടെയുള്ള കുടിയേറ്റം നിയന്ത്രണത്തിലാക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമം നിരസിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ 10 ആഴ്ച പഴക്കമുള്ള ‘അഭയം നല്‍കല്‍’ നയം ഫെഡറല്‍ ജഡ്ജി അസാധുവാക്കി. അഭയാര്‍ഥികളെ അവരുടെ രാജ്യങ്ങളില്‍ നിന്നോ വഴിയില്‍ കടന്നുപോകുന്ന രാജ്യങ്ങളില്‍ നിന്നോ അമേരിക്കയിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്ന നയം നിയമവിരുദ്ധമാണെന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ യുഎസ് ജില്ലാ കോടതിയിലെ ജഡ്ജി ജോണ്‍ ടിഗാര്‍ പറഞ്ഞു.

‘പതിറ്റാണ്ടുകളായി’ നിലനില്‍ക്കുന്ന നയം, രാജ്യത്തേക്ക് കടക്കുന്ന ഏതൊരു അപേക്ഷകന്റെയും അഭയ ക്ലെയിമുകള്‍ പരിഗണിക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നും ടിഗാര്‍ വിധിയില്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസത്തെ ഇടിവിന് ശേഷം യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലേക്കുള്ള കുടിയേറ്റക്കാരുടെ പുതിയ കുതിപ്പിന് ഇത് കാരണമാകും. ബൈഡന്‍ ഭരണകൂടത്തിന് അപ്പീല്‍ നല്‍കാന്‍ സമയം നല്‍കുന്നതിനായി ടിഗാര്‍ വിധി 14 ദിവസത്തേക്ക് നടപ്പാക്കുന്നത് നിര്‍ത്തിവച്ചു.

നീതിന്യായ വകുപ്പ് പെട്ടെന്ന് ഒരു അപ്പീല്‍ നോട്ടീസ് ഫയല്‍ ചെയ്യുകയും അതിനിടയില്‍ ടിഗാറിന്റെ തീരുമാനം നടപ്പിലാക്കുന്നതില്‍ കൂടുതല്‍ സ്റ്റേ ആവശ്യപ്പെടുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. മേയ് മാസത്തില്‍ ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ ‘ഇമിഗ്രേഷന്‍ നിയമങ്ങള്‍ നല്‍കുന്ന വിശാലമായ അധികാരത്തിന്റെ നിയമപരമായ പ്രയോഗ’മാണെന്ന് വകുപ്പ് അവകാശപ്പെടുന്നു. അപ്പീലിന് പോളിസിയെ മാസങ്ങളോളം മരവിപ്പിച്ചു നിലനിര്‍ത്താം. എന്തായാലും കേസ് സുപ്രീം കോടതി വരെ എത്താനുള്ള സാധ്യതയാണുള്ളത്.

ഓരോ മാസവും തെക്കന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന 200,000 കുടിയേറ്റക്കാരെ തടയാന്‍ ലക്ഷ്യമിട്ട് മേയ് 16 ന് ബൈഡന്‍ ഭരണകൂടം അതിന്റെ പുതിയ സമീപനം പ്രഖ്യാപിച്ചതിന് ശേഷം ഈസ്റ്റ് ബേ സാങ്ച്വറി ഉടമ്പടിയും മറ്റ് മൈഗ്രന്റ് അഡ്വക്കസി ഗ്രൂപ്പുകളും കൊണ്ടുവന്ന കേസിലാണ് വിധി വന്നത്. ബൈഡന്‍ നയം അതിര്‍ത്തിയിലുള്ളവര്‍ക്ക് അഭയം നല്‍കാനുള്ള അവസരത്തെ തടയുമെന്ന് അവര്‍ വാദിച്ചു.

പൊതുജനാരോഗ്യത്തിന്റെ കാര്യമെന്ന നിലയില്‍ കുടിയേറ്റക്കാരുടെ പ്രവേശനം തടയുന്നതിന് 2020 മുതല്‍ ഉപയോഗിച്ചിരുന്ന കോവിഡ് റൂളായ ടൈറ്റില്‍ 42-ന്റെ ഉപയോഗത്തിന് പകരമായാണ് ബൈഡന്‍ ഇത് നടപ്പിലാക്കിയത്. ആ നിയമം ഉണ്ടായിരുന്നിട്ടും, നിയമവിരുദ്ധമായോ അഭയം തേടിയുള്ള അപേക്ഷകള്‍ വഴിയോ അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ആളുകളെ അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം അധികാരികള്‍ തടഞ്ഞു.

ബൈഡനെ സംബന്ധിച്ചിടത്തോളം ഈ എണ്ണം ഒരു പ്രധാന രാഷ്ട്രീയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷ റിപ്പബ്ലിക്കന്‍മാര്‍ കരുത്ത് കുറഞ്ഞ അതിര്‍ത്തി നയങ്ങളാണ് ബൈഡനുള്ളതെന്ന് ആരോപിച്ചു. കോവിഡ് അതിര്‍ത്തി നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതോടെ, അഭയാര്‍ഥികള്‍ക്കായി കൂടുതല്‍ കര്‍ക്കശമായ പ്രക്രിയ ഏര്‍പ്പെടുത്തി ഒഴുക്ക് കുറയ്ക്കാനാണ് ബൈഡന്‍ ശ്രമിച്ചത്.

അതിര്‍ത്തിയിലാണെങ്കില്‍, ഒരു ഇന്റര്‍വ്യൂ അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഉപയോഗിക്കേണ്ടി വരും. അതിന് മാസങ്ങളല്ലെങ്കില്‍ ആഴ്ചകള്‍ എടുത്തേക്കാം. മറ്റെവിടെയെങ്കിലും ആണെങ്കില്‍ അവര്‍ സ്വന്തം രാജ്യത്ത് നിന്ന് അല്ലെങ്കില്‍ അവര്‍ കടന്നുപോകുന്ന രാജ്യങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളില്‍ അഭയം അഭ്യര്‍ത്ഥിക്കേണ്ടതുണ്ട്. അതേസമയം, ഈ പ്രക്രിയയിലൂടെ കടന്നുപോകാതെ അതിര്‍ത്തി കടന്ന ആളുകള്‍ക്ക് അഭയം നേടാനുള്ള അവസരം സ്വയമേ നഷ്ടപ്പെടും.

എല്ലാ സാഹചര്യങ്ങളിലും, പോളിസി അപേക്ഷകര്‍ക്ക് തെളിവുകളുടെ ഭാരം ഉയര്‍ത്തുകയും വിധികള്‍ക്കായി ദീര്‍ഘനേരം കാത്തിരിക്കുകയും ചെയ്യേണ്ടതായി വന്നിരുന്നു. എന്നിരുന്നാലും, ബൈഡന്റെ നയത്തില്‍ മാതാപിതാക്കളെ അനുഗമിക്കാത്ത കുട്ടികള്‍ അതിര്‍ത്തി കടക്കുന്നതിന് വിട്ടുവീഴ്ച ചെയ്തിരുന്നു. ഇതിനു പുറമേ ഹെയ്തി, യുക്രെയ്ന്‍ തുടങ്ങിയ ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രത്യേക ഔപചാരിക പരോള്‍ പ്രക്രിയയും വാഗ്ദാനം ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.