സ്വന്തം ലേഖകൻ: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം 30 മണിക്കൂറിലേറെ വൈകിയതായി റിപ്പോർട്ട്. ഐ എക്സ് 544 എയര്‍ ഇന്ത്യ എക്സപ്രസ് വിമാനമാണ് വൈകിയത്. ശനിയാഴ്ച രാത്രി യുഎഇ സമയം 8.40ന് പുറപ്പെടേണ്ട വിമാനം യാത്ര തിരിച്ചത് ഇന്ന് പുലര്‍ച്ചെ 2.50 ഓടെയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് വിമാനം വൈകുമെന്ന അറിയിപ്പ് ലഭിച്ചത്. പിന്നാലെ പല തവണ എയര്‍ ഇന്ത്യ അധികൃതര്‍ സമയം മാറ്റിപ്പറയുകയായിരുന്നു.
50ഓളം സ്ത്രീകളും കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ 160 യാത്രക്കാരാണ് ഒരു രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ ദുരിത ജീവിതം നയിച്ചത്. ഇന്നലെ വിവാഹ നിശ്ചയം നടത്തേണ്ടിയിരന്ന ചെറുപ്പക്കാരനും അച്ഛൻ്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കേണ്ട യാത്രക്കാരനും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് യാത്രക്കാരെ എയര്‍പോര്‍ട്ടിന് സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയത്.
യാത്ര അനിശ്ചിതമായി വൈകുന്നതിന്റെ കാരണമോ എപ്പോള്‍ പുറപ്പെടുമെന്നോ കൃത്യമായ അറിയിപ്പ് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറായില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.
മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വിമാനം പുലര്‍ച്ചെ പുറപ്പെടും എന്ന അറിയിപ്പ് യാത്രക്കാര്‍ക്ക് ലഭിച്ചത്. ഇന്ന് രാവിലെയാണ് യാത്രക്കാര്‍ തിരുവനന്തപുരത്ത് എത്തിയത്.സാങ്കേതിത തകരാരാണ് വിമാനം വൈകാന്‍ കാരണമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല