സ്വന്തം ലേഖകൻ: മണിപ്പുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേല് ലോക്സഭയില്‍ ഈ മാസം എട്ടിന് ചര്‍ച്ച നടക്കും. പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും.
കോണ്‍ഗ്രസ് സഭാ കക്ഷി ഉപനേതാവും അസമില്‍ നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ ഓം ബിര്‍ള അവതരണാനുമതി നല്‍കുകയും ചെയ്തിരുന്നു. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാര്‍ട്ടികള്‍ എല്ലാവരും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്.
ബിആര്‍എസ് വേറിട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ ബിആര്‍എസ് പിന്തുണയ്ക്കുമോ എന്നത് വ്യക്തമല്ല. എന്‍ഡിഎയിലും പ്രതിപക്ഷ സഖ്യത്തിലും ഇല്ലാത്ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ ബിജെഡിയും സര്‍ക്കാരിനെ പിന്തുണച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസ്താവന ഇറക്കണമെന്നാവശ്യപ്പെട്ട് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. 2014-ല്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമത്തെ അവിശ്വാസ പ്രമേയത്തെയാണ് നേരിടാന്‍ പോകുന്നത്. 2018-ലായിരുന്നു ആദ്യത്തേത്. തെലുങ്കുദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ വന്‍ഭൂരിപക്ഷത്തില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല