സ്വന്തം ലേഖകൻ: 2021-ലെ സൈനിക അട്ടിമറിയിൽ പുറത്താക്കപ്പെട്ട് തടങ്കലിൽ കഴിയുന്ന മ്യാൻമർ മുൻ ഭരണാധികാരി ഓങ് സാൻ സൂചിക്ക് പൊതുമാപ്പ് നൽകി മ്യാൻമർ പട്ടാള ഭരണകൂടം. ബുദ്ധമത നോമ്പുതുറ പ്രമാണിച്ച് 7,000-ലധികം തടവുകാർക്ക് മാപ്പ് നൽകിയതിന് ഒപ്പമാണ് സൂചിക്കും മാപ്പ് നൽകിയതെന്ന് സ്റ്റേറ്റ് മീഡിയ അറിയിച്ചു. നയ്പിതാവിലെ ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി ദിവസങ്ങൾക്ക് ശേഷമാണ് പൊതുമാപ്പ് ലഭിച്ചത്.
33 വർഷത്തെ തടവിനാണ് സൂചിയെ ശിക്ഷിച്ചിരുന്നത്. നിരവധി കുറ്റകൃത്യങ്ങളിൽ അഞ്ചെണ്ണത്തിലാണ് സൂചിക്ക് മാപ്പ് ലഭിച്ചതെന്ന് മ്യാൻമർ ദേശീയ മാധ്യമത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഓങ് സാൻ സൂചി 14 ക്രിമിനൽ കേസുകൾ നേരിടുന്നുണ്ടെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.
രണ്ടു വർഷമായി തടവിൽ തുടരുന്ന സൂചിയെ ഉടൻ മോചിപ്പിച്ചേക്കുമെന്നാണ് വിവരം. സൂചിയുടെ കൂട്ടാളിയും സൂചിയുടെ ഭരണ സമയത്ത് രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വിൻ മിന്റിനും മാപ്പു നൽകുമെന്നും പട്ടാള ഭരണകൂടം അറിയിച്ചു. 2021 ഫെബ്രുവരിയിലെ അട്ടിമറിയിലൂടെയാണ് സൈന്യം ഓങ് സാൻ സൂചിയെ തടവിലാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല