1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2023

സ്വന്തം ലേഖകൻ: എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളിൽ ലാഭത്തിൽ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം കരിപ്പൂർ വിമാനത്താവളത്തിന്റെ ലാഭം. കൊൽക്കത്ത- 482.30 കോടി, ചെന്നൈ- 169.56 കോടി എന്നിവയാണ് മുന്നിലുള്ളത്. ലോക്‌സഭയിൽ എസ്.ആർ. പാർഥിപൻ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നൽകിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്.

കഴിഞ്ഞ സാമ്പത്തികവർഷം 17 വിമാനത്താവളങ്ങൾ മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. 15 എണ്ണത്തിൽ ലാഭവും നഷ്ടവുമില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കോവിഡ് പ്രതിസന്ധിമൂലം രണ്ടു വർഷം മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടത്തിലായത്. അഞ്ചുവർഷത്തിനിടെ മിക്ക വിമാനത്താവളങ്ങളും നഷ്ടത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ 2018-19 വർഷം 73.11 കോടി, 19-20-ൽ 69.14 കോടി എന്നിങ്ങനെയാണ് ലാഭം. കോവിഡ് പ്രതിസന്ധി ബാധിച്ച 2020-21-ൽ 59.57 കോടിയും 21-22-ൽ 22.63 കോടിയും നഷ്ടമുണ്ടായി. പുണെ- 74.94 കോടി, ഗോവ- 48.39 കോടി, തിരുച്ചിറപ്പള്ളി- 31.51 കോടി എന്നിവയാണ് കാര്യമായി ലാഭമുണ്ടാക്കിയ മറ്റു വിമാനത്താവളങ്ങൾ. 115.61 കോടി നഷ്ടം രേഖപ്പെടുത്തിയ അഗർത്തലയാണ് നഷ്ടക്കണക്കിൽ മുന്നിലുള്ളത്.

ലാഭകരമായ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ചതോടെയാണ് എയർപോർട്ട് അതോറിറ്റിക്ക് കീഴിലുള്ളവയുടെ നഷ്ടക്കണക്ക് കൂടിയത്. തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. സ്വകാര്യ- പൊതു പങ്കാളിത്തത്തിലുള്ള കൊച്ചി 267.17 കോടി രൂപ ലാഭം നേടിയപ്പോൾ കണ്ണൂർ 131.98 കോടി രൂപ നഷ്ടത്തിലാണ്. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (എൻ.എം.പി.) പ്രകാരം കോഴിക്കോട് അടക്കം 25 വിമാനത്താവളങ്ങൾ 2025 വരെ പാട്ടത്തിനു െവച്ചിരിക്കുകയാണെന്നും മന്ത്രി ലോക്‌സഭയിൽ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.