സ്വന്തം ലേഖകൻ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍വച്ച് അക്രമിയുടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ച് ആരോഗ്യ സര്‍വകലാശാല. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ വന്ദനയുടെ അച്ഛന് കെ.ജി മോഹന്‍ദാസും അമ്മ വസന്തകുമാരിയും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍നിന്ന് നിറകണ്ണുകളോടെയാണ് അവര്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചത്. പൊട്ടിക്കരഞ്ഞ അമ്മ വസന്തകുമാരിയെ ഗവര്‍ണര്‍ ആശ്വസിപ്പിച്ചു. മേയ് 10-നാണ് കൊട്ടാരക്കര കുടവത്തൂര്‍ പൂയപ്പള്ളി സ്വദേശി സന്ദീപിന്റെ കുത്തേറ്റ് കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായ ഡോ. വന്ദനാ ദാസ് (23) മരിച്ചത്.
പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതി ആക്രമിച്ചത്. കടുത്തുരുത്തി മുട്ടുചിറ നമ്പിച്ചിറക്കാലയില്‍ കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായിരുന്നു ഡോ. വന്ദനാ ദാസ്.
അതേസമയം ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപിനു കുറ്റകൃത്യവാസനയുള്ളതായി കുറ്റപത്രം. ഇതു തെളിയിക്കുന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് സഹിതം കുറ്റപത്രം കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സി.ബി. രാജേഷിനു മുൻപാകെ ഇന്നലെ സമർപ്പിച്ചു.
കുറ്റകൃത്യ വാസന തെളിയിക്കുന്നതിന് സന്ദീപിന്റെ ഭാര്യയുടെ മൊഴിയാണ് മറ്റൊരു തെളിവ്.
പല തവണ ഗുരുതരമായി ദേഹോപദ്രവം ഏൽപിച്ചിരുന്നതായാണു ഭാര്യയുടെ മൊഴി. സന്ദീപിന്റെ ആക്രമണത്തിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ആശുപത്രി പരിസരത്തുണ്ടായിരുന്ന രോഗികൾ തുടങ്ങിയവർ ഉൾപ്പെടെ 136 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. മദ്യപാനാസക്തിയിൽ നിന്നു രക്ഷപ്പെടുത്താൻ രണ്ട് ആശുപത്രികളിൽ ചികിത്സിച്ചിരുന്നു. കൊല്ലത്തെ ആശുപത്രിയിലെ ചികിത്സ പൂർത്തിയാക്കിയില്ല. പിന്നീടൊരിക്കൽ ചടയമംഗലത്തെ ഒരു കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും അവിടെയുള്ള വിൻഡോ ഗ്ലാസ് തകർത്ത് രക്ഷപ്പെട്ടോടിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല