തലസ്ഥാന നഗരിയിലെ റാംമനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ നഴ്സിങ് വിദ്യാര്‍ത്ഥികളുടെ സമരം. ഒരു മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം വനിതാ പ്രിന്‍സിപ്പല്‍ വലിച്ചുകീറുകയും നഗ്നയാക്കി നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികളുടെ സമരം. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അവഗണനയും ചൂഷണവും വിവേചനവും ശക്തമാണെന്ന് ഇവര്‍ പറഞ്ഞു.
കോട്ടയം സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രമാണ് പ്രിന്‍സിപ്പല്‍ വലിച്ചുകീറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം.മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ജോലിക്കെത്തിയ മൂന്നാംവര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനി തിരികെ പ്രവേശിക്കുന്നതിന് അപേക്ഷ നല്കാന് എത്തിയപ്പോള്‍ യൂണിഫോമില്‍ അഴുക്കുണ്ടെന്ന് പറഞ്ഞ് വസ്ത്രം വലിച്ചുകീറുകയും മലയാളിയാണോ എന്ന് ചോദിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആക്ഷേപം.ഹോസ്റ്റലിലെത്തിയ വിദ്യാര്‍ഥിനി സംഭവം സഹപാഠികളോടു പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചു.
വിദ്യാര്‍ഥിനിയെ അപമാനിച്ച പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള വൈസ് പ്രിന്‍സിപ്പല്‍ നിര്‍മ്മല സിങിനെയും കോ-ഓര്‍ഡിനേറ്റര്‍ സുഭാഷിണിയെയും പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. മൂന്നുവര്‍ഷമായി പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്ന് ഇത്തരം അപമാനങ്ങള്‍ സഹിച്ചുവരികയാണെന്നും ഇനിയതിന് കഴിയില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് എം.എസ് ഗില്ലിന്റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷനെ നിയോഗിക്കുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ടി.എസ് സിദ്ധി പറഞ്ഞു. എന്നാല്‍ ഡോക്റ്റര്‍മാരും ജീവനക്കാരും വിദ്യാര്‍ഥി പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതി അന്വേഷിക്കണമെന്നും പ്രിന്‍സിപ്പലിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല