1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2023

സ്വന്തം ലേഖകൻ: യുകെയിൽ വീടുകളുടെ വില കുറയുന്നത് വിപണിയെ ഉണർത്തുമെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും പലിശ നിരക്കിലെ ക്രമാതീതമായ വർധന താങ്ങാനാവാതെ പലരും മാറി നിൽക്കുകയാണ്. ആറു ശതമാനത്തിന് മുകളിൽ വരുന്ന മോർഗേജ് പലിശനിരക്കനുസരിച്ച് ആദ്യമായി വീടു വാങ്ങുന്ന ഒരാൾക്ക് ശമ്പളത്തിന്റെ 45 ശതമാനത്തിനടുത്ത് മോർഗേജിനായി മാത്രം മാറ്റിവയ്ക്കേണ്ടി വരും.

രണ്ടു വർഷത്തെ ഫിക്സഡ് മോർഗേജിന് 6.8 ശതമാനവും അഞ്ചുവർഷത്തെ ഫിക്സഡ് മോർഗേജിന് 6.3 ശതമാനവുമാണ് നിലവിലെ ശരാശരി പലിശ നിരക്ക്. ഒരു വർഷം മുമ്പ് ഇത് കേവലം 2.3, 1.9 എന്ന അനുപാതത്തിലായിരുന്നു. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ചെറിയ തോതിൽ കുറഞ്ഞ് 7.9 ശതമാനത്തിലാണിപ്പോൾ. പണപ്പെരുപ്പ നിരക്ക് കുറയുന്ന പ്രവണത കാട്ടിത്തുടങ്ങിയെങ്കിലും ഭക്ഷ്യോൽപന്നങ്ങളുടെ വില കുറയുന്നില്ല.

ഇതിനിടെ മറ്റൊരു പലിശ വർധനയ്ക്കു കൂടിയുള്ള ആലോചനയിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടെന്നാണ് വാർത്തകൾ. നിലവിൽ അഞ്ചു ശതമാനമാണ് അടിസ്ഥാന പലിശ നിരക്ക്. ഇത് 5.25 ആയി ഉയർത്താനാണ് ആലോചനകൾ. യുകെയിലെ മൂന്ന് പ്രമുഖ മോര്‍ട്ട്ഗേജ് ദായകര്‍ കൂടി തങ്ങളുടെ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. നാറ്റ് വെസ്റ്റ്, ഹാലിഫാക്സ്, വിര്‍ജിന്‍ മണി എന്നിവരാണ് ആഗസ്റ്റ് 2 മുതല്‍ പലിശ നിരക്ക് വെട്ടിച്ചുരുക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പുതിയതായി എടുക്കുന്നവര്‍ക്കോ, റീമോര്‍ട്ട്ഗേജ് ചെയ്യുന്നവര്‍ക്കോ നാറ്റ് വെസ്റ്റിന്റെ രണ്ട് വര്‍ഷത്തെയും അഞ്ച് വര്‍ഷത്തെയും ഫിക്സ്ഡ് ഡീലുകളില്‍ ചിലതില്‍ 30 ശതമാന പോയിന്റുകള്‍ വരെ കുറവ് ലഭിക്കും എന്നതാണ്.

ഈ കുറവ്, പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ഒരുപോലെ ലഭ്യമാകും. നിലവില്‍ നാറ്റ് വെസ്റ്റിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള അഞ്ച് വര്‍ഷ ഡീല്‍ 5.84 ശതമാനത്തിന്റെതാണ്. ചുരുങ്ങിയത് 40 ശതമാനം ഇക്വിറ്റിയെങ്കിലും വീടില്‍ ഉള്ളവര്‍ക്ക് റീമോര്‍ട്ട്ഗേജ് ചെയ്യുമ്പോഴാണ് ഇത് ലഭിക്കുക. കൃത്യമായി ഏതൊക്കെ മോര്‍ട്ട്ഗേജ് ഡീലുകള്‍ക്കാണ് നിരക്ക് കുറയുക എന്ന് നാറ്റ് വെസ്റ്റ് വ്യക്തമാക്കിയിട്ടില്ല. എന്നാലും, നാളെ മുതല്‍ ഈ നിരക്ക് 5.64 ശതമാനമോ 5.54 ശതമാനമോ ആയി കുറയാന്‍ ഇടയുണ്ട്.

അതേസമയം, മോര്‍ട്ട്ഗേജ് ബ്രോക്കര്‍മാര്‍ വഴി നല്‍കുന്ന മോര്‍ട്ട്ഗേജ് ഡീലുകളില്‍ ചിലതില്‍ 0.41 ശതമാനം കിഴിവ് നല്‍കുമെന്ന് വിര്‍ജിന്‍ മണി അറിയിച്ചു. അതോടൊപ്പം ഹാലിഫാക്സ് അവരുടെ അഞ്ച് വര്‍ഷത്തെ ഫിക്സ്ഡ്‌റീമോര്‍ട്ട്ഗേജ് നിരക്കില്‍ 0.18 ശതമാനത്തിന്റെ കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച ഈ രംഗത്തെ മറ്റു ചില സേവനദായകര്‍ മോര്‍ട്ട്ഗേജ് നിരക്കില്‍ കിഴിവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ ബാങ്കുകളും ഇളവുകളുമായി രംഗത്തെത്തുന്നത്.

ആദ്യമായി മോര്‍ട്ട്ഗേജ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത് എച്ച് എസ് ബി സി ആയിരുന്നു. ചുരുങ്ങിയത് 10 ശതമാനം ഇക്വിറ്റിയുള്ള പുതിയ ഉപഭോക്താക്കള്‍ക്കും റീമോര്‍ട്ട്ഗേജ് ചെയ്യുന്നവര്‍ക്കുമാണ് എച്ച് എസ് ബി സി ഇളവ് പ്രഖ്യാപിച്ചത്. ഇതിനു പുറകെ ബാര്‍ക്ലേസ്, നാഷന്‍വൈഡ്, ടി എസ് ബി എന്നിവരും ഇളവുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. സമാനമായ രീതിയില്‍ കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി അവരുടെ എല്ലാ രണ്ട് വര്‍ഷ- അഞ്ചു വര്‍ഷ ഫിക്സ്ഡ് ഡീലുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ ആഴ്ച്ചയുടെ ആരംഭത്തില്‍ 6.83 ശതമാനമായിരുന്നു ശരാശരി രണ്ട് വര്‍ഷ ഫിക്സ്ഡ് നിരക്ക് എങ്കില്‍ ഇപ്പോഴത് 6.81 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം ശരാശരി അഞ്ചു വര്‍ഷ ഫിക്സ്ഡ് നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. വരും ആഴ്ച്ചകളില്‍ കൂടുതല്‍ വായ്പാ ദായകര്‍ പലിശ നിരക്കില്‍ ഇളവുകള്‍ വരുത്തും എന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.