1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2023

സ്വന്തം ലേഖകൻ: നമ്മുടെ കുട്ടികൾ നല്ലൊരു സമയവും ഇന്റർനെറ്റിൽ ചെലവിടുന്നവരാണ്. പഠനവും കളിയും വിനോദവുമെല്ലാം ഇന്ന് നാലിഞ്ച് സ്ക്രീനിലേക്ക് ചുരുങ്ങി എന്ന് പറയാം. കുട്ടികളുടെ വാശിപിടിച്ചുള്ള കരച്ചിലും മാതാപിതാക്കൾക്ക് മറ്റു ജോലികൾ ചെയ്യേണ്ട തിരക്കുകൊണ്ടും കുട്ടികൾക്ക് സ്മാർട്ട്ഫോൺ കൊടുത്ത് ശീലിപ്പിക്കുമ്പോൾ ആരും ചിന്തിക്കുന്നില്ല, സമൂഹത്തിൽ നിന്നും അകന്നൊരു തുരുത്തിലേക്കാണ് ഇവർ ചേക്കേറുന്നത് എന്ന്. കുട്ടിക്കാലം മുതലുള്ള ഇന്റർനെറ്റ് ഉപയോഗം കുട്ടികളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു.

അതുകൊണ്ട് കുട്ടികളിലെ നെറ്റ് ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇപ്പോൾ 18 വയസ്സുവരെയുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. കുട്ടികളില്‍ സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് ആസക്തി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നത്. രാത്രിയിലെ ഇന്‍റർനെറ്റ് ഉപയോഗം തടയുന്നതിനും ശേഷിച്ച സമയങ്ങളില്‍ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതിന്റെ സമയപരിധിയും പുതിയ നിയമത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ചൈനയിലെ സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനാണ് (സി.എ.സി.) പുതിയ നിയമം കൊണ്ടുവന്നത്.

രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ്‌ ഇന്റര്‍നെറ്റ് നിയന്ത്രണം. ഈ സമയത്ത് 18 വയസ്സുവരെയുള്ളവര്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാൻ സാധിക്കില്ല. അതിനായി മൈനര്‍ മോഡ് പ്രോഗ്രാം എന്ന സംവിധാനം ഫോണില്‍ നടപ്പാക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ദാതാക്കള്‍ക്ക് സി.എ.സി. നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ രണ്ടു മുതൽ നിയമം പ്രാബല്യത്തിൽ വരും. കൂടാതെ എട്ടുവയസ്സുവരെയുള്ളവര്‍ക്ക് പ്രതിദിനം പരമാവധി 40 മിനിറ്റും 16 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് പരമാവധി രണ്ടുമണിക്കൂറും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനാവുന്ന വിധത്തില്‍ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.