സ്വന്തം ലേഖകൻ: ബിസിനസുകാർക്കും നിക്ഷേപകർക്കും കൊമേഴ്സ്യൽ രജിസ്ട്രേഷനും മറ്റു നടപടിക്രമങ്ങളും എളുപ്പമാക്കുന്ന തരത്തിൽ സംയോജിത ഇലക്ട്രോണിക് പോർട്ടലായ വാണിജ്യ രജിസ്ട്രേഷൻ സംവിധാനം ‘സിജിലാത്ത്’ന്റെ പുതിയ വേർഷൻ സിജിലാത്ത് 3.0 ലോഞ്ച് ചെയ്തു. ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ (ബി.സി.സി.ഐ) നടത്തിയ വാർത്തസമ്മേളനത്തിൽ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റുവാണ് ലോഞ്ചിങ് നിർവഹിച്ചത്.
ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ), ബഹ്റൈൻ പോസ്റ്റ്, സിസ്കോ എന്നിവയുടെ സഹകരണത്തോടെയാണ് സിജിലാത്ത് 3.0 ലോഞ്ച് ചെയ്യുന്നത്. ബി.സി.സി.ഐ ചെയർമാൻ സമീർ അബ്ദുല്ല നാസ്, ഐ.ജി.എ സി.ഇ.ഒ മുഹമ്മദ് അലി അൽ ഖാഇദ്, ഐ.ജി.എ ഡെപ്യൂട്ടി സി.ഇ.ഒ ഡോ. സക്കരിയ അഹ്മദ് അൽ ഖാജ, അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫോർ കൊമേഴ്സ്യൽ രജിസ്ട്രേഷൻ ആൻഡ് കമ്പനീസ് നിബ് റാസ് മുഹമ്മദ് അലി താലിബ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടേയും നേതൃത്വത്തിൽ സമഗ്ര വികസന പ്രക്രിയയുടെ ഭാഗമായി സാമ്പത്തിക വാണിജ്യ മേഖലയെ ഉത്തേജിപ്പിക്കുന്ന സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധത മന്ത്രി വാർത്തസമ്മേളനത്തിൽ ഊന്നിപ്പറഞ്ഞു. ഗൾഫ്, അന്തർദേശീയ നിക്ഷേപകരെ ആകർഷിക്കുന്ന വിധത്തിൽ വാണിജ്യ നിക്ഷേപ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും പുതിയ വേർഷൻ വളരെയധികം സഹായകരമാണ്. നിക്ഷേപകർക്ക് തങ്ങളുടെ ബിസിനസ് എളുപ്പത്തിലും ലോകത്തെവിടെനിന്നും കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്ന നൂതന സാങ്കേതികവിദ്യകൾ നടപ്പാക്കുകയുമാണ് സിജിലാത്ത് 3.0ന്റെ ലക്ഷ്യം.
നവീകരിച്ച സിജിലാത്ത് സംവിധാനം വഴി ഇ- സേവനങ്ങൾ ലഭ്യമാകുന്നതിനുള്ള ഘട്ടങ്ങൾ 60 ശതമാനം കുറയ്ക്കാൻ കഴിയും. മാത്രമല്ല, നടപടിക്രമങ്ങൾ കൂടുതൽ ലളിതമാകുകയും ചെയ്യും. മെച്ചപ്പെടുത്തിയ സംവിധാനത്തിൽ പുതിയ സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആധുനിക പ്രോഗ്രാമിങ് ടെക്നിക്കുകളാണ് ആപ്ലിക്കേഷനിൽ ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘ഓട്ടോമേറ്റഡ് ഗൈഡ്’ അടക്കമുള്ള സംവിധാനങ്ങൾ ഉപയോക്താവിന് ആവശ്യമായ തരത്തിൽ അവരെ നയിക്കാൻ പ്രാപ്തിയുള്ളതാണ്.
സി.ആർ ഹോൾഡർമാർക്ക് 10 പുതിയ സേവനങ്ങൾ അപ്ഡേറ്റഡ് വേർഷൻ നൽകുന്നുണ്ട്. ആവശ്യമായ സർട്ടിഫിക്കറ്റുകളും മറ്റും പ്രിന്റ് ചെയ്യാനുള്ള സൗകര്യവും നൽകുന്നു.എല്ലാ വാണിജ്യ രേഖകളും പ്രദർശിപ്പിക്കുന്നതിന് ‘ഡാഷ്ബോർഡ്’ സംവിധാനവും ഇതിലുണ്ട്. പുതിയ രജിസ്ട്രേഷനായുള്ള അപേക്ഷ, രേഖകൾ സമർപ്പിക്കൽ, പുതുക്കൽ, തിരയൽ, തുടങ്ങിയ നിരവധി ഇടപാടുകൾ ഇതുവഴി ലളിതമായി ചെയ്യാം.
വാണിജ്യ രജിസ്ട്രേഷൻ, വിലാസം മാറ്റൽ, അടക്കം കാര്യങ്ങൾ അന്വേഷിക്കാൻ ഹെൽപ് പേജും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. വേഗതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി ക്ലൗഡ് കമ്പ്യൂട്ടിങ്ങിലേക്ക് കൈമാറ്റം ചെയ്തുകൊണ്ടാണ് സിസ്റ്റത്തിന്റെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.2015ലാണ് ‘കമേഴ്സ്യൽ രജിസ്ട്രേഷൻ’ എന്ന പേരിൽ സിജിലാത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്. ഇത്തരത്തിൽ ഇ- സേവനം നൽകുന്ന മേഖലയിലെ ആദ്യ രാജ്യമായിരുന്നു ബഹ്റൈൻ.
2016-ൽ സിജിലാത്ത് 2 ആരംഭിച്ചു. 93 സെക്കൻഡിനുള്ളിൽ സി.ആർ നൽകുന്നത്ര കാര്യക്ഷമമായ സംവിധാനമായിരുന്നു അത്. സിജിലാത്ത് 3.0 സംബന്ധിച്ച സംശയങ്ങൾക്കും മറ്റും 80008001 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. അല്ലെങ്കിൽ ഇൻവെസ്റ്റർ റിലേഷൻസ് ഡയറക്ടറേറ്റിന്റെ ഇ-മെയിൽ വഴിയോ ബന്ധപ്പെടാം. IR@moic .gov.bh.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല