1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2011

ഒരു വര്‍ഷം ഒരു സിനിമ എന്ന രീതി വിക്രം വിട്ടിരിക്കുകയാണ്. ദൈവത്തിരുമകള്‍ക്കുശേഷം അധികം വിശ്രമിക്കാതെയാണ് വിക്രം രാജപാട്ടൈയിലേക്ക് പോയത്. ഇപ്പോഴിതാ മറ്റൊരു കോളിവുഡ് ചിത്രംകൂടി വിക്രത്തിന്റേതായി അണിയറയില്‍ ഒരുങ്ങുകയാണ്. താണ്ഡവം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ദൈവത്തിരുമകള്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ വിജയ് ആണ് താണ്ഡവം സംവിധാനം ചെയ്യുന്നത്. വിക്രത്തിന്റെ ഒരു ആക്ഷന്‍ ത്രല്ലറായിരിക്കും താണ്ഡവം എന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. ബോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ മനോഹര്‍ വര്‍മ്മയാണ് ചിത്രത്തിന് കൊറിയോഗ്രാഫി ചെയ്യുന്നത്.

താണ്ഡവത്തില്‍ ശിവ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ശിവതാണ്ഡവത്തിന്റെ ഒരു പ്രതീകമായാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. അടുത്തമാസം ചെന്നൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് നീക്കം. സിനിമചിത്രീകരണത്തിന്റെ ഭൂരിഭാഗവും അമേരിക്കയില്‍ വെച്ച് നടക്കും. അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍വച്ചാണ് 80% ഭാഗവും ചിത്രീകരിക്കുക.

അനുഷ്കയും എമി ജാക്സണുമാണ് താണ്ഡവത്തിലെ നായികമാര്‍. വിജയ് സംവിധാനം ചെയ്ത മദ്രാസപ്പട്ടിണത്തില്‍ എമി ജാക്സണായിരുന്നു നായിക. ദൈവത്തിരുമകളില്‍ നായികയായി അനുഷ്കയെത്തി. ഇപ്പോള്‍ താണ്ഡവത്തില്‍ രണ്ടുനായികമാരും ഒരുമിക്കുകയാണ്. സന്താനം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

2002ലെ അമേരിക്കന്‍ സ്പൈ ത്രില്ലറായ ‘ബോണ്‍ ഐഡന്‍റിറ്റി’യാണ് വിജയ് – വിക്രം ടീം ഇനി തമിഴില്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. ദൈവത്തിരുമകള്‍ നിര്‍മ്മിച്ച യു ടി വി മോഷന്‍ പിക്ചേഴ്സ് തന്നെയാണ് ഈ സിനിമയും നിര്‍മ്മിക്കുന്നത്.

മാറ്റ് ഡാമണ്‍ നായകനായ ബോണ്‍ ഐഡന്‍റിറ്റി ഹോളിവുഡിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നാണ്. ബോണ്‍ സുപ്രീമസി, ബോണ്‍ അള്‍ട്ടിമേറ്റം എന്നിങ്ങനെ ഈ സിനിമകളുടെ തുടര്‍ച്ചകള്‍ ഇറങ്ങിയപ്പോഴും വിജയം കൂടെ നിന്നു. ചിത്രത്തിന്‍റെ നാലാം ഭാഗമായ ‘ബോണ്‍ ലെഗസി’യുടെ പണിപ്പുരയിലാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ഈ സിനിമ ‘താണ്ഡവ’മായി തമിഴിലേക്കെത്തുമ്പോള്‍ വന്‍ വിജയം സൃഷ്ടിക്കാന്‍ വിജയ് – വിക്രം ടീമിന് കഴിയുമോ എന്ന് കാത്തിരിക്കാം. തമിഴില്‍ ‘വെട്രിവിഴ’ എന്ന ചിത്രത്തിലൂടെ ബോണ്‍ ഐഡന്‍റിറ്റിയെ കമലഹാസന്‍ പരീക്ഷിച്ചതാണെങ്കിലും പുതിയ രീതിയില്‍ ഒരുക്കാനാണ് വിക്രം തുനിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.