സ്വന്തം ലേഖകൻ: ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സക്കര്‍ബര്‍ഗും ഇലോണ്‍ മസ്കും തമ്മിലുള്ള കേജ് ഫൈറ്റ് വീണ്ടും ചര്‍ച്ചയാവുകയാണ്. ഇരുവരും തമ്മില്‍ നേരിട്ട് മല്‍പ്പിടുത്തം നടത്തുമെന്ന് തന്നെയാണോ പറയുന്നത് എന്ന് ഇനിയും വ്യക്തമല്ല. കഴിഞ്ഞ ദിവസത്തെ മസ്കിന്റെ ട്വീറ്റാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകള്‍ക്കിടയാക്കിയത്.
മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗുമായുള്ള ഫൈറ്റ് തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സില്‍ ലൈവ് സ്ട്രീം ചെയ്യുമെന്നായിരുന്നു മസ്കിന്റെ ട്വീറ്റ്. ദിവസങ്ങള്‍ക്ക് മുമ്പാണ് എക്സില്‍ ലൈവ് വീഡിയോ സ്ട്രീമിങ് സൗകര്യം അവതരിപ്പിച്ചത്.
ഈ ലൈവ് സ്ട്രീമിങിലൂടെ ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും മസ്ക് പറഞ്ഞു. മസ്കിന്റെ ട്വീറ്റിന് സക്കര്‍ബര്‍ഗ് മറുപടി നല്‍കുകയും ചെയ്തു.
ഞാന്‍ ഇന്ന് തന്നെ തയ്യാറാണ്, അദ്ദേഹം ആദ്യം വെല്ലുവിളിച്ചപ്പോള്‍ തന്നെ ഓഗസ്റ്റ് 26 ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ അദ്ദേഹം ഒരു സ്ഥിരീകരണം നല്‍കിയില്ല. ഞാനിപ്പോഴും ആവേശത്തിലാണ്. എന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ പ്രതികരണം.
ഇതോടൊപ്പം എക്സ് ലൈവ് സ്ട്രീമിങിലൂടെ ചാരിറ്റിക്ക് പണം ഉണ്ടാക്കാമെന്ന മസ്കിന്റെ വാക്കുകള്‍ക്കും സക്കര്‍ബര്‍ഗ് മറുപടി നല്കി. ചാരിറ്റിക്ക് വേണ്ടി പണം കണ്ടെത്താം കൂടുതല്‍ കുറച്ചുകൂടി ‘വിശ്വാസയോഗ്യമായ പ്ലാറ്റ്ഫോം’ ഉപയോഗിക്കാം എന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ പ്രതികരണം.
ദിവസം മുഴുവന്‍ ഭാരം ഉയര്‍ത്തി ഫൈറ്റിന് വേണ്ടി പരിശീലിക്കുകയാണെന്ന് പിന്നീട് മസ്ക് ട്വീറ്റ് ചെയ്തു. ജോലി ഭാരം എടുത്തതിനാല്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ തനിക്ക് സമയം കിട്ടിയില്ലെന്നും മസ്ക് പറഞ്ഞു.
ഇത്രയൊക്കെ പറഞ്ഞിട്ടും ഇരുവരും തമ്മിലുള്ള പോരാട്ടം യഥാര്‍ത്ഥ്യമാണോ അതോ വെറും സങ്കല്പ്പമാണോ എന്ന് വ്യക്തമാകുന്നില്ല. മസ്കും, മാര്‍ക്ക് സക്കര്‍ബര്‍ഗും പരസ്പരം വാക്പോര് നടത്തുകയല്ലാതെ മറ്റൊരു വിവരവും നല്‍കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല