നടുവേദനയെന്ന് ന്യായം പറഞ്ഞ് വീട്ടിലിരിക്കാത്ത ഒരൊറ്റ മനുഷ്യന്‍പോലും ബ്രിട്ടണില്‍ കാണില്ല. മാസത്തില്‍ അഞ്ചും ആറും ദിവസം നടുവേദന എന്ന് പറയുന്നവരാണ് അധികംപേരും. ഇതൊരു ന്യായമാണെന്ന് എല്ലാവര്ക്കും അറിയാമെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനാവില്ലല്ലോ? ബ്രിട്ടീഷുകാരുടെ നടുവേദനകൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കമ്പനികളും കടക്കാരും. അങ്ങനെയാണ് നടുവേദന കണ്ടുപിടിക്കാനും പരിശോധിക്കാനുമുള്ള വഴികള്‍ ആലോചിച്ചു തുടങ്ങിയത്. ഇപ്പോള്‍ അതിന് ഒരാശ്വാസം ഉണ്ടായിരിക്കുകയാണ്.
ഇപ്പോള്‍ നടുവേദന കണ്ടുപിടിക്കാന്‍ ഒരു കെമിക്കല്‍ ടെസ്റ്റാണ് കണ്ടുപിടിച്ചിരിക്കുന്നത്. നടുവേദന എന്ന് പറഞ്ഞ് ഇനിയാര്‍ക്കും വീട്ടിലിരിക്കാന്‍ പറ്റില്ല. ഉടന്‍തന്നെ കെമിക്കല്‍ ടെസ്റ്റിന് വിധേയനാകാന്‍ ആവശ്യപ്പെടും. നടുവേദന എന്ന് പറഞ്ഞ് മെഡിക്കല്‍ ലീവ് എടുത്ത് വീട്ടിലിരിക്കുന്നവരുടെ എണ്ണം വല്ലാതെ കൂടിയതാണ് പ്രശ്നമായത്. ഈ കെമിക്കല്‍ ടെസ്റ്റ് നിലവില്‍ വരുന്നതോടെ ഇല്ലാത്ത നടുവേദന പറഞ്ഞ് ലീവെടുക്കുന്നവരെ പിടികൂടാന്‍ സാധിക്കും.
ഇതുകൂടാതെ കാറപകടത്തെത്തുടര്‍ന്ന് വിട്ടുമാറാത്ത നടുവേദന ബാധിച്ചെന്ന് പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനികളെ പറ്റിക്കുന്നവരെയും ഈ പരീക്ഷണം നടത്തി പിടികൂടാന്‍ സാധിക്കും എന്നതാണ് ഇതിന്റെ ഗുണവശം. അതുകൊണ്ടുതന്നെ ബ്രിട്ടണിലെ വ്യവസായികളും വന്‍ സ്ഥാപനങ്ങള്‍ നടത്തുന്നവരും ഇന്‍ഷുറന്‍സ് കമ്പനികളും ഈ കണ്ടുപിടുത്തത്തില്‍ അങ്ങേയറ്റം തൃപ്തരാണ്. ബ്രിട്ടണില്‍ ഏറ്റവും കൂടുതല്‍പേര്‍ അവധിയെടുക്കുന്നത് നടുവേദന പറഞ്ഞാണ്. നടുവേദന എന്ന കാരണം പറഞ്ഞ് മെഡിക്കല്‍ ലീവ് എടുക്കുന്നവര്‍ ഖജനാവിന് വര്‍ഷമുണ്ടാക്കുന്ന നഷ്ടം ഏതാണ്ട് പത്ത് ബില്യണ്‍ യൂറോയാണ്.
മൂത്രം പരിശോധിച്ചാല്‍ നിങ്ങളുടെ നടുവേദന തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് ജര്‍മ്മനിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ ആരോഗ്യ വിദഗ്ദര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് താമസിയാതെ തന്നെ ബ്രിട്ടണില്‍ നടപ്പിലാക്കി തുടങ്ങും. ഇനിമുതല്‍ നിങ്ങള്‍ക്ക് നടുവേദന എന്ന് പറഞ്ഞ് അധികകാലം വീട്ടിലിരിക്കാന്‍ സാധിക്കില്ലെന്നര്‍ത്ഥം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല