സ്വന്തം ലേഖകൻ: ജൂനിയര്‍ ഡോക്ടര്‍മാരുടെ അഞ്ചാം ഘട്ട പണിമുടക്ക് ഇന്ന് രാവിലെ 7ന് ആരംഭിച്ച് ചൊവ്വാഴ്ച രാവിലെ 7 വരെ നീണ്ടുനില്‍ക്കും. 35% ശമ്പളവര്‍ദ്ധന ആവശ്യപ്പെടുന്ന ഡോക്ടര്‍മാര്‍ തുടര്‍ച്ചയായ നാല് ദിവസമാണ് എമര്‍ജന്‍സിയില്‍ ഉള്‍പ്പെടെ സേവനം നിഷേധിക്കുന്നത്. ഏറ്റവും പുതിയ ഗ്രാജുവേഷന് നേടി കേവലം ഒന്‍പത് ദിവസം മുന്‍പ് ജോലിയില്‍ പ്രവേശിച്ചവര്‍ വരെ സമരമുഖത്ത് എത്തുന്നുവെന്നതാണ് ശ്രദ്ധേയം.
എന്നാല്‍ സമരം നിര്‍ത്തിവെച്ച്, രോഗികളെ അപകടത്തിലാക്കുന്ന നടപടികള്‍ ഡോക്ടര്‍മാര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ രംഗത്തുവന്നു. അനാവശ്യമായി പണിമുടക്ക് നടത്തി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് സ്ഥിതി വഷളാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മറ്റ് പബ്ലിക് സെക്ടര്‍ ജീവനക്കാരേക്കാള്‍ മെച്ചപ്പെട്ട പാക്കേജുകള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മെയിലില്‍ എഴുതവെ ചൂണ്ടിക്കാണിച്ചത്. അനിശ്ചിതകാലത്തേക്ക് സമരങ്ങള്‍ നീട്ടിക്കൊണ്ട് പോകുമെന്ന യൂണിയന്റെ ഭീഷണി കാരണമില്ലാത്തതാണെന്ന് അദ്ദേഹം പറയുന്നു. വിന്ററിലേക്ക് പോകവെ ഈ വിധത്തില്‍ പ്രവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്നും ഹെല്‍ത്ത് സെക്രട്ടറി ഓര്‍മ്മിപ്പിച്ചു.
ഇതിനിടെ ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് പുതിയ റെക്കോര്‍ഡായ 7.6 മില്ല്യണിലേക്ക് കയറിയതായി ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിച്ചു. കൊവിഡ് ചികിത്സാ ബാക്ക്ലോഗ് മറികടക്കാനുള്ള ശ്രമങ്ങളെ സമരങ്ങള്‍ തടസ്സപ്പെടുത്തുകയാണെന്ന് ഹെല്‍ത്ത് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല