സ്വന്തം ലേഖകൻ: വിനോദസഞ്ചാരികളുടെ പറുദീസയായ യുഎസിലെ ഹവായ് ദ്വീപുകളെ വിഴുങ്ങി കാട്ടുതീ. മൂന്നുദിവസമായി തുടരുന്ന തീയില്‍ മരണം 60 കടന്നു. ആയിരത്തിലധികം പേരെ കാണാതായി. ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൗവി കൗണ്ടിയിലുള്ള ചരിത്രപ്രസിദ്ധമായ ലഹൈന പട്ടണം കാട്ടുതീയില്‍ ചാരമായി.
പതിനായിരത്തോളം ആളുകള്‍ താമസിക്കുന്ന ഈ ചെറുപട്ടണം 1700-ല്‍ പണികഴിപ്പിച്ചതാണ്. ബിഗ് ഐലന്‍ഡിലും വന്‍നാശനഷ്ടമുണ്ടായി. പൂര്‍ണമായും പുകയാല്‍ മൂടിയ ദ്വീപുകളില്‍ പതിനായിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇത് വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു.
ഒട്ടേറെ വിമാനസര്‍വീസുകളും റദ്ദാക്കി. വീടുകളും ചരിത്രസ്മാരകങ്ങളുമടക്കം 1700-ലധികം കെട്ടിടങ്ങള്‍ അഗ്‌നിക്കിരയായി. വൈദ്യുതി-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പാടേ തകര്‍ന്നു. പതിനായിരക്കണക്കിന് വിനോദസഞ്ചാരികളെ മാറ്റിപ്പാര്‍പ്പിച്ചു. സഞ്ചാരികളോട് ദ്വീപ് വിടാന്‍ നിര്‍ദേശം നല്‍കി. കഹുലുയി വിമാനത്താവളത്തില്‍ 1400 സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
ദ്വീപുകള്‍ ബോംബ് വീണതുപോലെ ചുട്ടുപൊള്ളുകയാണെന്ന് താമസക്കാര്‍ പറഞ്ഞു. തീച്ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ നൂറിലേറെപ്പേര്‍ കടലിലേക്ക് എടുത്തുചാടിയതായും ഇതില്‍ 50 പേരെ രക്ഷിച്ചെന്നും തീരസേന അറിയിച്ചു. പലരുടെയും മൃതദേഹങ്ങള്‍ കടലില്‍നിന്നാണ് കണ്ടെടുത്തത്. ഹവായ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിതെന്ന് ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ പറഞ്ഞു. 1960-ല്‍ ഹവായിയില്‍ ആഞ്ഞടിച്ച സുനാമി 61 പേരുടെ ജീവനെടുത്തിരുന്നു. യുഎസിന്റെ 50-ാം സംസ്ഥാനമായി ഹവായിയെ പ്രഖ്യാപിച്ച് ഒരുവര്‍ഷത്തിനകമായിരുന്നു അത്.
യുഎസിന്റെ നാവികസേന, തീരസംരക്ഷണസേന എന്നിവയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 80 ശതമാനം തീയും നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. കാട്ടുതീയെ വന്‍ദുരന്തമെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് േജാ ബൈഡന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരപ്പെടുത്താന്‍ നിര്‍ദേശിച്ചു.
ലഹൈനയിലെ ചരിത്രപ്രസിദ്ധമായ ഫ്രണ്ട് സ്ട്രീറ്റിലുള്ള 150 വര്‍ഷം പഴക്കമുള്ള അരയാല്‍ മരം കത്തിനശിച്ചു. യുഎസിലെ ഏറ്റവും പഴക്കംചെന്ന ആല്‍മരമാണിത്. 18 മീറ്റര്‍ ഉയരമുണ്ടായിരുന്ന വടവൃക്ഷം 1873-ല്‍ ഇന്ത്യയില്‍നിന്നെത്തിച്ച് ഇവിടെ നട്ടുപിടിപ്പിച്ചതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല