സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കൺസൾട്ടന്റുമാരുടെയുമെല്ലാം സമരം ദുരിതത്തിലാക്കുന്നത് ലക്ഷക്കണക്കിന് രോഗികളെ. ആശുപത്രി ചികിൽസയ്ക്കായി ഊഴം കാത്തുകഴിയുന്നവരുടെ എണ്ണം എല്ലാ സീമകളും പിന്നിട്ട് മുന്നേറുകയാണ്. എൻഎച്ച്എസ്. ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച് ഇടുപ്പെല്ലിനും മുട്ടിനുമുള്ള ശസ്ത്രക്രിയയ്ക്ക് ഉൾപ്പെടെ ഊഴം കാത്തു കഴിയുന്നവരുടെ എണ്ണം ഇപ്പോൾ 7.5 മില്യനാണ്.
(75 ലക്ഷം) പല ഘട്ടങ്ങളായി ജൂനിയർ ഡോക്ടർമാർ നടത്തിയ സമരം ഈ ലിസ്റ്റിലേക്ക് കൂട്ടിച്ചേർത്തത് ലക്ഷങ്ങളെയാണ്. ഓരോ മൂന്നു ദിവസത്തെ സമരത്തിനും ഒരു ലക്ഷം പേർ വീതം ചികിൽസ കിട്ടാത്തവരുടെ ഗണത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണ്. രാജ്യത്തെ ജനങ്ങളിൽ ഏഴിൽ ഒരാൾ വീതം ചികിൽസയ്ക്കായി കാത്തിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന യാഥാർഥ്യത്തിലേക്കാണ് ഈ കണക്കുകൾ വിരൽചൂണ്ടുന്നത്.
ഈ 7.5 മില്യനിൽ 383,000 പേർ ഒരു വർഷത്തിലേറെയായി ലിസ്റ്റിൽ സ്ഥാനം പിടിച്ചവരാണ്. അടിയന്തര ചികിൽസ ആവശ്യമുള്ള കാൻസർ രോഗികളെ ഉൾപ്പെടെ സമയത്തു കാണുന്നതിൽ എൻഎച്ച്എസ് ഇംഗ്ലണ്ട് ബുദ്ധിമുട്ടുകയാണ്. കേവലം 59 ശതമാനം ആളുകൾ മാത്രമാണ് ജിപി റഫറൻസ് കിട്ടയശേഷവും രണ്ടുമാസത്തിനുള്ളിൽ വിദഗ്ധ ചികിൽസ ലഭിക്കുന്നവർ.
ഈ യാഥാർഥ്യം നിലനിൽക്കെയാണ് ഇന്നലെ മുതൽ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ വീണ്ടും ചൊവ്വാഴ്ച വരെയുള്ള പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ആറു ശതമാനം ശമ്പള വർധന പ്രഖ്യാപിച്ച സർക്കാരിനു മുന്നിൽ 35 ശതമാനം ശമ്പള വർധന ആവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സമരം.
ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷന്റെ (ബിഎംഎ) ജൂനിയർ ഡോക്ടർമാരുടെ സംഘടനയാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. ദിവസങ്ങൾ നീണ്ട നഴ്സുമാരുടെ സമരവും ഘട്ടംഘട്ടമായുള്ള ഡോക്ടർമാരുടെ സമരവുമാണ് രോഗികളുടെ വെയിറ്റിങ് ലിസ്റ്റ് മുമ്പെങ്ങുമില്ലാത്തവിധം ഇത്രയേറെ വലുതാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല