സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗാർഹിക തൊഴിലാളികൾക്ക് ആബ്സന്‍സ് പെർമിറ്റ് നൽകുന്നതിനുള്ള സേവനമാണ് പുതുതായി ചേര്‍ത്തത്.ഇതോടെ ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്ത് കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ റെസിഡന്‍സി സ്റ്റാറ്റസ് സ്വമേധയാ റദ്ദാവുന്നത് തടയാന്‍ കഴിയും.
കുവൈത്തി സ്പോൺസറാണ് സഹല്‍ ആപ് വഴി ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ, തൊഴിലാളിയുടെ താമസരേഖ കാലാവധി ഈ കാലയളവിൽ സാധുവായിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നടപടി.
സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സഹൽ ആപ് ഒരുക്കിയിട്ടുള്ളത്. നിലവില്‍ 10 ലക്ഷത്തിലേറെ വരിക്കാർ സഹല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മരുന്നുകളുടെ പൂർണ വിവരങ്ങൾ അറിയുന്നതിനുള്ള സംവിധാനവും കഴിഞ്ഞ ദിവസം സഹൽ ആപ്പിൽ ഉൾപ്പെടുത്തിയിരുന്നു. മരുന്നുകളുടെ പേര് നൽകിയാൽ വിലയും മറ്റു വിവരങ്ങളും അറിയാൻ ഇതുവഴി കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല