സ്വന്തം ലേഖകൻ: ബെംഗളൂരു-മൈസൂരു അതിവേഗപാതയില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി കവര്‍ച്ചസംഘങ്ങള്‍ വിലസുന്നു. വാഹനം റോഡരികില്‍ നിര്‍ത്തുമ്പോള്‍ ബൈക്കുകളിലെത്തുന്ന സംഘങ്ങളാണ് യാത്രക്കാരെ കൊള്ളയടിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ശ്രീരംഗപട്ടണയ്ക്കടുത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി യാത്രക്കാരില്‍നിന്ന് 70 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.
ആദ്യസംഭവത്തില്‍ ഉഡുപ്പി സ്വദേശികളായ ശിവപ്രസാദ്, ഭാര്യ സുമ എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്. നഗുവനഹള്ളി ഗേറ്റിന് സമീപം കാര്‍ നിര്‍ത്തി വിശ്രമിച്ചപ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയശേഷം 30 ഗ്രാമിന്റെ സ്വര്‍ണമാല കവരുകയായിരുന്നു. കവര്‍ച്ചക്കാര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു.
മറ്റൊരുസംഭവത്തില്‍ കോലാര്‍ സ്വദേശികളായ ഡോ. രക്ഷിത് റെഡ്ഡി, ഭാര്യ ഡോ. മാനസ എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്. ഗൗരിപുരയ്ക്കു സമീപം വാഹനത്തിന്റെ ടയര്‍ മാറ്റുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയശേഷം 40 ഗ്രാമിന്റെ മാല കവരുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ വളരെവേഗത്തില്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മാണ്ഡ്യ എസ്.പി. എന്‍. യതീഷ് സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. രണ്ടുസംഭവങ്ങളിലും ശ്രീരംഗപട്ടണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പുതിയപാത ഉദ്ഘാടനം ചെയ്തശേഷം ഒട്ടേറെ യാത്രക്കാരാണ് കൊള്ളയടിക്കപ്പെട്ടത്. പലരും കേസിന്റെ പിന്നാലെ നടക്കാനുള്ള മടികാരണം പരാതിപ്പെടാന്‍ തയ്യാറാകാറില്ല. രാത്രിയിലാണ് കൂടുതലും കവര്‍ച്ച നടക്കുന്നത്. കാര്‍ റോഡരികില്‍ നിര്‍ത്തുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ സഹായിക്കാനെന്ന വ്യാജേന എത്തിയും കവര്‍ച്ച നടത്താറുണ്ട്.
പുതിയപാതയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് നിരോധനമുണ്ടെങ്കിലും രാത്രികാലങ്ങളില്‍ കവര്‍ച്ചാ സംഘങ്ങള്‍ പ്രവേശിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. യാത്രക്കാര്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വാഹനം നിര്‍ത്തരുതെന്നും എന്തെങ്കിലും സംശയം തോന്നിയാല്‍ പോലീസിനെ വിവരം അറിയിക്കണമെന്നും മാണ്ഡ്യ എസ്.പി. പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല