ലോകകപ്പ് ചാംപ്യന്മാരായ സ്‌പെയിനിനെ ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് തറപറ്റിച്ചു. 49ാം മിനിറ്റില്‍ ഫ്രാങ്ക് ലാംപാര്‍ഡാണ് വിജയഗോള്‍ നേടിയത്. വെംബ്ലി സ്‌റ്റേഡിയത്തില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിയെ കൂടാതെ കളത്തിലിറങ്ങിയ ഇംഗ്ലണ്ട് മികച്ച ‘ടീം ഗെയി’മാണ് പുറത്തെടുത്തത്.
ക്യാപ്റ്റന്‍ ജോണ്‍ ടെറിയെ സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചിലിരുത്തുകയും ആം ബാന്‍ഡ് ലാംപാര്‍ഡിനു നല്‍കുകയും ചെയ്ത കോച്ച് ഫാബിയോ കാപ്പെല്ലോയുടെ ധീരമായ തീരുമാനം ആദ്യം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. ജെയിംസ് മില്‍നറുടെ വളഞ്ഞിറങ്ങിയ ഫ്രീകിക്കില്‍ നിന്ന് ഡാരന്‍ബെന്റ് പായിച്ച് ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ ലാംപാര്‍ഡിന് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സ്‌പെയിന്‍ ഗോള്‍കീപ്പര്‍ക്ക് വെറും കാഴ്ചക്കാരനാവേണ്ടി വന്നു.
അതേ സമയം അധികസമയത്തും സ്‌പെയിനാണ് കളി നിയന്ത്രിച്ചിരുന്നത്. ഡെവിഡ് വിയ്യയും സെക് ഫെബ്രഗാസും മികച്ച ചില അവസരങ്ങള്‍ കളഞ്ഞുകുളിച്ചില്ലായിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. ഇംഗ്ലണ്ടിന്റെ വിജയത്തിനുള്ള മുഴുവന്‍ ക്രെഡിറ്റും മധ്യനിരയ്ക്കും പ്രതിരോധത്തിനും അവകാശപ്പെട്ടതാണ്. തിരമാലപോലെ ഇളകിവന്ന സ്‌പെയിന്‍ മുന്നേറ്റങ്ങളുടെ വീര്യം മധ്യനിരയിലിട്ട് തകര്‍ക്കുകയും അതിനുശേഷം പ്രതിരോധത്തില്‍ ക്ലിയര്‍ ചെയ്യുകയും ചെയ്യുന്ന സുന്ദരമായ കേളീശൈലിയാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജൂലിയന്‍ ലെസ്‌കോട്ട് പ്രതിരോധത്തിലും സ്‌കോട്ട് പാര്‍ക്കര്‍ മിഡ്ഫീല്‍ഡിലും മികച്ച കളിയാണ് പുറത്തെടുത്തത്. അരങ്ങേറ്റക്കാരായ ജാക് റോഡ്‌വെല്ലും ഡാനി വെല്‍ബാക്കും കാപ്പെല്ലോയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതോടെ ഇംഗ്ലണ്ട് പത്തുവര്‍ഷത്തിനുശേഷം സ്‌പെയിനിനെതിരേ വിജയം സ്വന്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല