1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2023

സ്വന്തം ലേഖകൻ: രാജ്യത്തെ സര്‍ക്കാര്‍ എലിമെന്ററി സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ അധ്യാപികമാര്‍ക്ക് ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അനുമതി നല്‍കി സൗദി വിദ്യാഭ്യാസ മന്ത്രാലയം. ആദ്യഘട്ടമെന്ന നിലയില്‍ നാലാം ക്ലാസില്‍ പഠിപ്പിക്കാനാണ് അനുമതി. രാജ്യത്ത് നടപ്പാക്കുന്ന സംയുക്ത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണിത്.

ഈ മാസം 20ന് ഞായറാഴ്ചയാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ബുറൈദയിലെയും ഉനൈസയിലെയും അല്‍ബുകൈരിയയിലെയും മൂന്നു സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ സംയുക്ത വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.

രാജ്യത്തെ സ്വകാര്യ, ഇന്റര്‍നാഷണല്‍ എലിമെന്ററി സ്‌കൂളുകളിലെ എല്ലാ ക്ലാസുകളിലും ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപികമാരെ അനുവദിച്ച് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

രാജ്യത്തെ 28,000 സ്‌കൂളുകളിലായി അഞ്ച് ലക്ഷം അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. ഏകദേശം 51 ദിവസം നീണ്ടുനിന്ന വേനല്‍ അവധിക്ക് ശേഷമാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങുന്നത്. വര്‍ഷത്തില്‍ ഇടവേളകളോടെ മൂന്ന് സെമസ്റ്ററുകളിലായി ക്രമീകരിച്ചാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം.

അതേസമയം റിയാദ് സ്‌കൂളുകളില്‍ രാവിലെ 6.15 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം. അടുത്ത ഞായറാഴ്ച (ഓഗസ്റ്റ്-20) പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം. രാവിലെ 6.15ന് സ്‌കൂള്‍ അസംബ്ലിയും 6.30ന് ക്ലാസുകളും ആരംഭിക്കാനാണ് തീരുമാനം. ഓഗസ്റ്റ് 20 മുതല്‍ നവംബര്‍ ഒന്ന് വരെയും ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 10 വരെയുമാണ് ഈ സമയക്രമം. വര്‍ഷത്തില്‍ ഇടവേളകളോടെ മൂന്ന് ടേമുകളായി ക്രമീകരിച്ചാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം.

റിയാദില്‍ തണുപ്പ് ശക്തമാവുന്ന മാസങ്ങളില്‍ സ്‌കൂള്‍ സമയത്തില്‍ മാറ്റമുണ്ടാവും. അര മണിക്കൂര്‍ കൂടി കഴിഞ്ഞ് രാവിലെ ഏഴ് മണിക്കാണ് ക്ലാസുകള്‍ തുടങ്ങുക. നവംബര്‍ അഞ്ചു മുതല്‍ മാര്‍ച്ച് 28 വരെയാണ് ഈ സമയക്രമം പാലിക്കും.

റമദാന്‍ മാസത്തില്‍ പതിവുപോലെ പ്രവൃത്തിസമയത്തില്‍ മാറ്റംവരുത്തും. ഈ അധ്യയന വര്‍ഷം മാര്‍ച്ച് 11 മുതല്‍ 28 വരെ രാവിലെ ഒമ്പത് മണിക്കാണ് നഗരത്തിലെ സ്‌കൂളുകളില്‍ ക്ലാസ് ആരംഭിക്കുക. 51 ദിവസം നീണ്ടുനിന്ന വേനല്‍ അവധിക്ക് ശേഷമാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.