സ്വന്തം ലേഖകൻ: പുതിയ കോവിഡ് വേരിയന്റ് ഇതിനോടകം തന്നെ യുകെയില്‍ എത്തിച്ചേര്‍ന്നതായി ശാസ്ത്രജ്ഞര്‍. ഒമിക്രോണില്‍ നിന്നും രൂപമാറ്റം വന്ന ബിഎ.6 എന്ന വേരിയന്റാണ് ഇതിന്റെ സവിശേഷമായ രൂപമാറ്റം കൊണ്ട് വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതുവരെ ഡെന്മാര്ക്കും, ഇസ്രയേലും മാത്രമാണ് ഈ വേരിയന്റ് കണ്ടെത്തിയതായി സ്ഥിരീകരിച്ചത്.
ഭയപ്പെട്ടത് പോലെ ഈ സ്ട്രെയിന്‍ മാരകമാണെങ്കില്‍ ഇത് വളരെ വേഗത്തില്‍ തന്നെ വ്യാപിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ വേരിയന്റുകളെ അപേക്ഷിച്ച് ഈ സ്ട്രെയിന്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെങ്കില്‍ ഇതിനോടകം വൈറസ് യുകെയിലും, യുഎസിലുമെല്ലാം എത്തിച്ചേരാന്‍ സാധ്യത ഏറെയാണ് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയെ ഇന്‍ഫെക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റ് പ്രൊഫസര്‍ പോള്‍ ഹണ്ടര്‍ പറഞ്ഞു.
ഇപ്പോള്‍ എത്തിയിട്ടില്ലെങ്കില്‍ അധികം വൈകാതെ ഇത് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സ്ട്രെയിന്‍ ഭീതി ഉയര്‍ത്താന്‍ തുടങ്ങിയതോടെ മാസ്ക് തിരിച്ചെത്തിച്ച് വൈറസ് വ്യാപനം ചെറുക്കാന്‍ നടപടി വേണമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. എന്നാല്‍ ലോക്ക്ഡൗണ്‍ ഘട്ടത്തിലെ നടപടികളിലേക്ക് നീങ്ങാന്‍ സമയമായിട്ടില്ലെന്നാണ് മറ്റുള്ളവരുടെ വാദം.
വേരിയന്റ് സംബന്ധിച്ച് ഹെല്‍ത്ത് മേധാവികള്‍ ഔദ്യോഗിക പ്രഖ്യപനം നടത്തിയിട്ടില്ല. ‘പൈ’ എന്നാകും പുതിയ വേരിയന്റിന് നാമകരണം വരികയെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയിലെ ഒരു എപ്പിഡെമോളജിസ്റ്റ് നല്കുന്ന വിവരം. ഒരു പ്രമുഖ ഓണ്‍ലൈന്‍ വൈറസ് ട്രാക്കര്‍ ഡെന്മാര്ക്കില് രണ്ട് കേസുകള്‍ കണ്ടുപിടിച്ചതോടെയാണ് വേരിയന്റ് സംബന്ധിച്ച് അപായമണി മുഴങ്ങിയത്. പിന്നാലെ ഇതേ വിഭാഗത്തില്‍ പെട്ട വൈറസ് ഇസ്രയേലിലും കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല