സ്വന്തം ലേഖകൻ: ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ എ ലെവല്‍, ടി ലെവല്‍ ബിടെക് ഫലങ്ങള്‍ ഇന്ന് പുറത്തുവരാനിരിക്കെ ഗ്രേഡുകള്‍ കുറയുമെന്ന് പ്രവചനം. റിപ്പോര്‍ട്ട്. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷത്തെ പോലെ ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികളുടെ ഗ്രേഡുകള്‍ 2019ലെ നിലവാരത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കാരണം 2020ലും 2021ലും പരീക്ഷകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന ഗ്രേഡുകള്‍ കുത്തനെ ഉയരുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.
അധ്യാപകര്‍ സ്വന്തം ഇഷ്ടപ്രകാരം ഗ്രേഡുകള്‍ നിര്‍ണയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും പരീക്ഷകള്‍ സാധാരണ പോലെ നടന്നതിനെ തുടര്‍ന്നാണ് കോവിഡ് കാലത്തേക്കാള്‍ ഗ്രേഡുകള്‍ കുറയാന്‍ കാരണമായത്. പക്ഷേ വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഈ വര്‍ഷം ഗ്രേഡുകള്‍ 2019ലേക്കാള്‍ ഉയര്‍ന്നതും 2022ലേക്കാള്‍ താഴ്ന്നതുമായിരിക്കുമെന്നാണ് പ്രവചനം.
കഴിഞ്ഞ വാരത്തില്‍ പുറത്ത് വന്ന ഫലങ്ങള്‍ പ്രകാരം സ്‌കോട്ട്‌ലന്‍ഡില്‍ പാസ് നിരക്ക് താഴ്ന്നിരുന്നു. എന്നാല്‍ കോവിഡ് കാലത്തിന് മുമ്പുള്ള സമയത്തേക്കാള്‍ സ്‌കോട്ട്‌ലന്‍ഡില്‍ ഈ വര്‍ഷം പാസ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. ചില പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികളിലെ ചില കോഴ്‌സുകളുടെ സീറ്റുകള്‍ റിസള്‍ട്ട് വരുന്ന ദിവസം തന്നെ നികത്തപ്പെടുമെന്നും അതിനാല്‍ പ്രവേശനത്തിന് പ്രയാസമായിരിക്കുമെന്നുമാണ് യൂണിവേഴ്‌സിറ്റീസ് ആന്‍ഡ് കോളജ് അഡ്മിഷന്‍സ് സര്‍വീസ് മുന്നറിയിപ്പേകിയിരിക്കുന്നത്.
വിദേശത്ത് പഠിച്ച വിദ്യാര്‍ത്ഥികളുടെ എ ലെവലിന് സമാനമായ പരീക്ഷാ ഫലങ്ങള്‍ നേരത്തെ വന്നതിനാല്‍ ഇവര്‍ ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ മറികടന്ന് യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനമുറപ്പിച്ചതിനാല്‍ എ ലെവല്‍ ഫലം ലഭിക്കുന്ന ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് വേണ്ടത്ര സീറ്റുകള്‍ ലഭിക്കില്ലെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല