സ്വന്തം ലേഖകൻ: 2024-ലെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി കരുക്കള്‍ നീക്കുന്ന എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ വിവേക് രാമസ്വാമിയെ പ്രശംസിച്ച് ഇലോണ്‍ മസ്ക്. കേരളത്തില്‍ വേരുകളുള്ള സംരംഭകന് കൂടിയായ വിവേക് രാമസ്വാമിയുമായി ഫോക്സ് ന്യൂസ് മാധ്യമപ്രവര്ത്തകന് ടക്കര്‍ കാള്സണ് നടത്തിയ അഭിമുഖം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച മസ്ക് ഏറെ പ്രതീക്ഷ നല്കുന്ന സ്ഥാനാര്‍ഥിയാണ് വിവേക് എന്ന് കുറിച്ചു.
ചൈനയുമായുള്ള മസ്കിന്റെ ബന്ധം ആശങ്കപ്പെടുത്തുന്നതാണെന്ന വിവേകിന്റെ പ്രസ്താവനയ്ക്ക് മാസങ്ങള്‍ക്ക് ശേഷമാണ് വിവേകിനെ പ്രശംസിച്ച് മസ്ക് രംഗത്തെത്തിയത്. മസ്കിന്റെ ചൈന സന്ദര്‍ശനവും ചൈനീസ് മന്ത്രിമാരുമായുള്ള മസ്കിന്റെ ബന്ധവും കടുത്ത ആശങ്കയുളവാക്കുന്നതാണെന്നും യുഎസ് ബിസിനസ് പ്രമുഖരെ അവരുടെ അജണ്ട പ്രചരിപ്പിക്കാന്‍ ചൈന ഉപയോഗപ്പെടുത്തുകയാണെന്നുമായിരുന്നു വിവേക് പറഞ്ഞത്.
അടുത്ത വര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് വിവേക് അടക്കം മൂന്ന് പേരാണ് ഇതുവരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്,മറ്റൊരു ഇന്ത്യന്‍ വംശജയും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുന്‍ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി എന്നിവരാണ് വിവേകിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വെല്ലുവിളിയായുള്ളത്.
37-കാരനായ വിവേക് രാമസ്വാമിയുടെ മാതാപിതാക്കളാണ് യുഎസിലേക്ക് കുടിയേറിയത്. തെക്കുപടിഞ്ഞാറന്‍ ഒഹായോയിലാണ് താമസം. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സ് സ്ഥാപകനും സ്ട്രൈവ് അസ്റ്റ് മാനേജ്മെന്റ് സഹസ്ഥാപകനുമായ വിവേക് അമേരിക്കയിലാണ് ജനിച്ചതും വളര്‍ന്നതും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല