സ്വന്തം ലേഖകൻ: ലാഭകരമായ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് വ്യാജ കറന്‍സി വിനിമയ ഡീലര്‍മാര്‍ നടത്തുന്ന മണി എക്‌സ്‌ചേഞ്ച് ഇടപാടുകളില്‍ വീഴുന്നതിനെതിരെ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ (എഡിജെഡി) താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പ് നല്‍കി.
അനധികൃത കറന്‍സി ഡീലര്‍മാര്‍ വ്യാജ കറന്‍സി നോട്ടുകള്‍ വാഗ്ദാനം ചെയ്യുകയോ നിയമവിധേയമല്ലാത്ത സ്രോതസ്സുകളില്‍ നിന്ന് പണം കൈപ്പറ്റുകയോ ചെയ്യുന്നുവെന്ന് എഡിജെഡി ഇന്നലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നു. അനധികൃതമായി പണം എക്‌സ്‌ചേഞ്ച് നടത്തുന്നവരില്‍ നിന്ന് വിദേശ കറന്‍സി മാറ്റരുതെന്നും അതോറിറ്റി നിര്‍ദേശിച്ചു.
ബാങ്കുകളും മറ്റ് ധനഇടപാട് സ്ഥാപനങ്ങളും അവധിയായിരിക്കുന്ന ദിവസങ്ങളും മറ്റും മുതലെടുത്താണ് തട്ടിപ്പുകാരും കറന്‍സി കള്ളപ്പണ സംഘങ്ങളും കുറഞ്ഞ വിലയ്ക്ക് വിദേശ കറന്‍സി എക്‌സ്‌ചേഞ്ചുകള്‍ വാഗ്ദാനം ചെയ്യുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പരസ്യങ്ങളിലൂടെയും സംഘങ്ങള്‍ ആളുകളെ ആകര്‍ഷിക്കുന്നു. അത്തരം ‘ലാഭകരമായ’ ഓഫറുകള്‍ ഒഴിവാക്കുകയും സംശയാസ്പദമായ ഇടപാടുകളിലൂടെ പണം കൈമാറ്റം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണമെന്ന എഡിജെഡി അറിയിപ്പില്‍ വിശദീകരിച്ചു.
വിദേശ കറന്‍സി കൈമാറ്റം ചെയ്യുന്നതിന് എല്ലായ്‌പ്പോഴും അംഗീകൃത മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളെയോ ബാങ്കുകളെയോ ആശ്രയിക്കണമെന്ന് പ്രസ്താവനയില്‍ നിര്‍ദേശിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതിലും കള്ളനോട്ട് പ്രോത്സാഹിപ്പിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഈ സംഘങ്ങളുമായി ഇടപെടുന്നത് ഒഴിവാക്കണമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തികളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
സൈബര്‍ ലോകത്തെ നൂതനമായ പലതരം തട്ടിപ്പുകള്‍ അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ജാഗ്രതപാലിക്കണമെന്ന് യുഎഇ പോലിസ് ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് രാജ്യത്തെ സൈബര്‍ സുരക്ഷാ കൗണ്‍സിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
ഗാര്‍ഹിക സഹായങ്ങളോ മറ്റേതെങ്കിലും സേവനമോ വാഗ്ദാനം ചെയ്ത് സംശയാസ്പദവുമായ നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കുകയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. ട്രാഫിക് പിഴയും മറ്റ് ഫീസുകളും അടയ്ക്കാന്‍ ആവശ്യപ്പെട്ട് ദുബായ് പോലിസിന്റെ പേരില്‍ ഇ-മെയില്‍ തട്ടിപ്പ് നടത്തുന്നതായി നേരത്തേ ശ്രദ്ധയില്‍പെട്ടിരുന്നു. തട്ടിപ്പുകാര്‍ അയച്ചുതരുന്ന ലിങ്കുകള്‍ വഴി പണമടയ്ക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ മാസം ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വാരാന്ത്യ, പൊതു അവധി ഇടപാടുകള്‍ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജ ചെക്ക് നല്‍കി വാഹന ഇടപാട് നടത്തിയ പരാതികള്‍ ശ്രദ്ധയില്‍പെട്ടതിനാല്‍ ഓണ്‍ലൈനില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു ഷാര്‍ജ പോലിസിന്റെ അറിയിപ്പ്. ബാങ്കിങ് സ്ഥാപനങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന വാരാന്ത്യങ്ങളും ഔദ്യോഗിക അവധിദിനങ്ങളും പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ്.
പ്രശസ്ത ഷോപ്പുകളുടെ പേരില്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചും വ്യാജ തൊഴില്‍ ഓഫറുകള്‍ നല്‍കി പ്രോസസിങ് ഫീസ് ആവശ്യപ്പെട്ടും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ പ്രശസ്ത കമ്പനികളുടെയോ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ്. ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളുടെ ഒറ്റത്തവണ പാസ്‌വേഡുകള്‍, എടിഎം വ്യക്തിഗത തിരിച്ചറിയല്‍ നമ്പറുകള്‍, ബാങ്ക് കാര്‍ഡുകളിലെ സെക്യൂരിറ്റി നമ്പര്‍ (സിസിവി) എന്നിങ്ങനെയുള്ള രഹസ്യവിവരങ്ങള്‍ ആരുമായും പങ്കിടരുത്.
ബാങ്ക് ജീവനക്കാര്‍ ഒരിക്കലും ഇടപാടുകാരോട് ഈ വിവരങ്ങള്‍ ചോദിക്കാറില്ല. ബാങ്കിങ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതരായ വ്യക്തികളില്‍ നിന്ന് കോളുകള്‍ വന്നാല്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ കൈമാറണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല