സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ബാഗേജ് നിരക്കുകൾ കുത്തനെ കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കുവൈത്തിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമാണ് ഇളവ് പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച് സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്നു ദിനാറും, പത്ത് കിലോക്ക് ആറു ദീനാറും, 15 കിലോക്ക് 12 ദീനാറുമാണ് ഈടാക്കുക.
അധിക ബാഗേജ് ആവശ്യമുള്ളവർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നിശ്ചിത നിരക്ക് നൽകണം. സീസൺ സമയങ്ങളിൽ പത്ത് കിലോക്ക് 40 ദിനാർ വരെ നേരത്തെ എയർ ഇന്ത്യ എക്സ്പ്രസ് ചാർജ്ജ് വർദ്ധിപ്പിച്ചിരുന്നു. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കിൽ കുറവു വരുത്തിയതെന്നാണ് സൂചന.
സീസണിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിനൊപ്പം ബാഗേജ് നിരക്കും ഉയർത്തുകയാണ് വിമാനക്കമ്പനികൾ. അതിനിടെ, വെക്കേഷൻ അവസാനിക്കാറായതും നാട്ടിൽ പോകുന്നവരുടെ എണ്ണവും കുറഞ്ഞതോടെ കുവൈത്തിൽനിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലും കുറവുവന്നു. ഈ മാസം കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് 38 ദീനാറാണ് കൂടിയ നിരക്ക്.
അടുത്തമാസം 42 ദീനാറിന് കോഴിക്കോട്ടേക്ക് യാത്രചെയ്യാം. ഒക്ടോബറിൽ 48 ദീനാറാണ് നിലവിൽ കാണിച്ച ടിക്കറ്റ് നിരക്ക്. എന്നാൽ, കോഴിക്കോട്-കുവൈത്ത് നിരക്ക് നിലവിൽ 148 ദീനാറാണ്. സെപ്റ്റംബർ പകുതിയോടെ 100 ദീനാറിന് താഴേക്കെത്തും. ഒക്ടോബറിൽ വീണ്ടും കുറയും. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കുവൈത്തിൽനിന്ന് നിലവിൽ കുറഞ്ഞ നിരക്കിൽ യാത്രചെയ്യാം. എന്നാൽ, കുവൈത്തിലേക്കുള്ള ടിക്കറ്റിന് വൻ വിലയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല