സ്വന്തം ലേഖകൻ: നവംബറിൽ നടക്കുന്ന മോട്ടോ ജിപി ഖത്തർ ഗ്രാൻഡ് പ്രി കാണാൻ കാറോട്ട പ്രേമികൾക്കായി ഖത്തർ എയർവേയ്സ് ഹോളിഡെയ്സിന്റെ യാത്രാ പാക്കേജ്. ലുസെയ്ൽ സർക്യൂട്ടിൽ നവംബർ 17 മുതൽ 19 വരെയാണ് മോട്ടോ ജിപി. റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ താമസം, 3 ദിവസത്തേക്കുള്ള മത്സര ടിക്കറ്റ്, മെയിൻ ഗ്രാൻഡ് സ്റ്റാൻഡിനുള്ളിൽ സൗജന്യ ഇരിപ്പിടം, മോട്ടോ ജിപി ഫാൻ സോണിൽ പ്രവേശനം, സൗജന്യ പാർക്കിങ്ങിലേക്ക് പ്രവേശനം എന്നിവ ഉൾപ്പെടുന്നതാണിത്.
ആരാധകർക്കായി മെയിൻ ഗ്രാൻഡ്സ്റ്റാൻഡ് ഖത്തർ മോട്ടോ ജിപി എക്സ്പീരിയൻസ്, ഖത്തർ എയർവേയ്സ് മോട്ടോ ജിപി വിഐപി വില്ലേജ് എക്സിപീരിയൻസ് എന്നിങ്ങനെ 2 പാക്കേജുകൾ ആണുള്ളത്. ഓരോന്നിലും വ്യത്യസ്ത ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കും. ഖത്തർ എയർവേയ്സിന്റെ പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് യാത്രാ പാക്കേജുകളിൽ ഏവിയോസ് പോയിന്റുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾക്ക് പാക്കേജ് ബുക്കിങ്ങിന് പണവും ഏവിയോസ് പോയിന്റും ഉപയോഗിക്കാം. ഖത്തർ എയർവേയ്സിന്റെ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനിയായ ഡിസ്കവർ ഖത്തർ 3 മത്സര ദിനങ്ങളിലേക്കുള്ള മെയിൻ ഗ്രാൻഡ്സ്റ്റാൻഡ് ഖത്തർ മോട്ടോജിപി ടിക്കറ്റുകളും വിൽക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലാണ് മോട്ടോ ജിപി ഖത്തർ ഗ്രാൻഡ് പ്രിയുടെ ഏർലി ബേർഡ് ടിക്കറ്റ് വിൽപന തുടങ്ങിയത്.
മെയിൻ ഗ്രാൻഡ് സ്റ്റാൻഡിൽ ഇരിക്കുന്നവർക്ക് ഏറ്റവുമടുത്ത് മത്സരം കാണാം. ട്രാക്കിന്റെ ഹൃദയ ഭാഗത്താണ് മെയിൻ ഗ്രാൻഡ് സ്റ്റാൻഡ്. മത്സരം തുടങ്ങുന്ന ലൈൻ, ഗ്രിഡ് സെറിമണി, മത്സരത്തിനിടെയുള്ള പിറ്റ്സ്റ്റോപ്പ്, ഫിനിഷിങ് ലൈൻ എന്നിവ കൃത്യമായി കാണാം. മത്സരത്തിന് ശേഷമുള്ള പോഡിയം സെറിമണി, ട്രോഫി നൽകൽ എന്നിവയും ഏറ്റവുമടുത്ത് കാണാമെന്നാണ് ഈ വിഭാഗം ടിക്കറ്റുകളുടെ നേട്ടം. ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിലാണ് മോട്ടോ ജിപി . ഫോർമുല വണ്ണിനും സർക്യൂട്ട് ആണ് വേദി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല