സ്വന്തം ലേഖകൻ: വീസ, റെസിഡന്‍സ് പെര്‍മിറ്റ് രേഖകള്‍ വ്യാജമായി നിര്‍മിച്ചാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് അതോറിറ്റി കഴിഞ്ഞ ദിവസം ഓര്‍മപ്പെടുത്തല്‍ നടത്തിയത്.
വീസ, റെസിഡന്‍സ് പെര്‍മിറ്റ് അല്ലെങ്കില്‍ ഇവയുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക രേഖകള്‍ വ്യാജമായി നിര്‍മിക്കുന്നവര്‍ മാത്രമല്ല, വ്യാജമാണെന്ന അറിവോടെ ഇത്തരം രേഖകള്‍ ഉപയോഗിക്കുന്നവര്‍ക്കും ശിക്ഷ ബാധകമാണ്.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ 10,500 ലധികം അനധികൃത താമസക്കാര്‍ക്കെതിരെ കേസെടുത്തതായി അധികൃതര്‍ അറിയിച്ചു. ഇമിഗ്രേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച് ആകെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 10,576 കേസുകളില്‍ ഒളിച്ചോടിയവരും ഉള്‍പ്പെടുന്നു.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവര്‍, വ്യാജ റെസിഡന്‍സ് പെര്‍മിറ്റോ വീസയോ ഉണ്ടാക്കിയവര്‍, ഔദ്യോഗിക അനുമതിയില്ലാതെ മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യുന്ന ആളുകള്‍, താമസ വീസയുടെ കാലാവധി കഴിഞ്ഞവര്‍, വിസിറ്റ് വീസയില്‍ ജോലിചെയ്യവെ പിടിക്കപ്പെട്ടവര്‍ എന്നിവരാണ് മറ്റുള്ളവര്‍.
തൊഴില്‍ വീസ, വിസിറ്റ് വീസ, ടൂറിസ്റ്റ് വീസ തുടങ്ങിയ എല്ലാ വീസകളുടെയും കാലാവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് തങ്ങിയാല്‍ അധികമായി താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം പിഴ ചുമത്തും. വീസ കാലാവധിയില്‍ കൂടുതല്‍ താമസിക്കുമ്പോള്‍ ചുമത്തുന്ന പിഴ സംഖ്യകള്‍ ഏകീകരിച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
വീസയിലെ ഏതെങ്കിലും വിവരങ്ങള്‍ മാറ്റേണ്ട യുഎഇ നിവാസികള്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വളരെ എളുപ്പത്തില്‍ സാധിക്കും. വ്യക്തിഗത വിവരങ്ങളും തൊഴില്‍ സംബന്ധിച്ച കാര്യങ്ങളും പാസ്‌പോര്‍ട്ട് വിവരങ്ങളും ഇങ്ങനെ മാറ്റാവുന്നതാണ്. എന്നാല്‍ ഇതിന് സ്‌പോണ്‍സറുടെ അനുമതി ആവശ്യമാണ്.
താമസ വീസ ഭേദഗതികള്‍ക്കായി ഓണ്‍ലൈനില്‍ ഒരു അഭ്യര്‍ത്ഥന നടത്തിക്കഴിഞ്ഞാല്‍, എമിറേറ്റ്‌സ് ഐഡി മാറ്റിസ്ഥാപിക്കുന്നതിനുള്ള അപേക്ഷയും സ്വയമേവ സൃഷ്ടിക്കപ്പെടും. ഓഫിസുകളില്‍ നേരിട്ട് പോകാതെ തന്നെ ഈ സേവനം ലഭിക്കും. വീസ ഇഷ്യൂ ചെയ്യല്‍, കാലാവധി ദീര്‍ഘിപ്പിക്കല്‍, റദ്ദാക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ വീസ അപേക്ഷകള്‍ക്കുള്ള സേവന ഫീസ് വെബ്‌സൈറ്റിലൂടെ അറിയാനാവും.
ഔദ്യോഗിക വെബ്‌സൈറ്റ്, അതോറിറ്റിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, ദുബായ് നൗ ആപ്പ്, അംഗീകൃത ടൈപ്പിങ് സെന്ററുകള്‍ എന്നിവയിലൂടെ അപേക്ഷകര്‍ക്ക് ഇപ്പോള്‍ എന്‍ട്രി പെര്‍മിറ്റുകള്‍ക്കും വീസകള്‍ക്കുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല