1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2023

സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ ഏഴ് നവജാത ശിശുക്കളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ സീരിയല്‍ കില്ലര്‍ നഴ്‌സ് ലൂസി ലെറ്റ്ബിയെ പിടികൂടാൻ സഹായിച്ചത് ഇന്ത്യൻ വംശജനായ ഡോക്ടർ. ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നഴ്സായിരുന്ന ലൂസി ലെറ്റ്ബിയുടെ പ്രവൃത്തിയെക്കുറിച്ചുള്ള ആശങ്കകൾ ഡോ. രവി ജയറാം നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം അവഗണിച്ചുവെന്നും പോലീസില്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നുമാണ് ആരോപണം.

ലെറ്റ്ബിയെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ ശ്രദ്ധിക്കുകയും പോലീസിനെ ഉടൻ അറിയിക്കുകയും ചെയ്തിരുന്നെങ്കിൽ ആ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോ. രവി ജയറാം പറഞ്ഞു. കുഞ്ഞുങ്ങളുടെ ഓക്സിജന്റെ അളവ് കുറയുമ്പോൾ ലൂസി ലെറ്റ്ബി ഒന്നും ചെയ്തിരുന്നില്ലെന്നും ഡോക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. നഴ്‌സിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ ആശുപത്രി മേധാവികള്‍ പരാജയപ്പെട്ടുവെന്നും പ്രതി ജോലി ചെയ്തിരുന്ന നവജാത ശിശുക്കളുടെ യൂണിറ്റിലെ ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. സ്റ്റീഫന്‍ ബ്രെറിയും പറഞ്ഞു.

ഡോ. സ്റ്റീഫന്‍ ബ്രെറി 2015 ഒക്ടോബറിലാണ് ആദ്യമായി ലെറ്റ്ബിയെക്കുറിച്ച് സംശയമുന്നയിച്ചത്. നഴ്സ് കുഞ്ഞുങ്ങളെ കൊന്നതാകാമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും അധികൃതര്‍ പോലീസില്‍ അറിയിക്കാന്‍ വൈകി. നഴ്‌സിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. പിന്നീടും അവര്‍ കുഞ്ഞുങ്ങളെ കൊന്നുവെന്നും ഡോ. സ്റ്റീഫന്‍ ബ്രെറി ബി ബി സിയോട് പറഞ്ഞു.

2015 ൽ മൂന്ന് കുഞ്ഞുങ്ങളുടെ മരണം റിപ്പോർട്ട് ചെയ്തതപ്പോൾ തന്നെ ഡോക്ടർമാർ ആശുപത്രി അധികൃതരുമായി ചർച്ച നടത്തിയെങ്കിലും പെട്ടന്നൊരു നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഏഴു നവജാത ശിശുക്കളെ കൊല്ലുകയും ആറ് കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മുപ്പത്തിമൂന്നുകാരിയായ ലൂസി ലെറ്റ്ബിയെ കഴിഞ്ഞ ദിവസമാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ഒരു കിലോഗ്രാമിൽ താഴെ ഭാരമുള്ള നവജാത ശിശു ഉൾപ്പെടെ മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളെ വരെയാണ് ലൂസി ലെറ്റ്ബി കൊലപ്പെടുത്തിയത്. ശരീരത്തിലേക്ക് വായു കുത്തി വച്ചും ഡയഫ്രം തകർത്തും കുഞ്ഞിന്റെ തൊണ്ടയിലേക്ക് ട്യൂബ് കുത്തിയിറക്കിയുമായിരുന്നു കൊലപാതകം. 2015 നും 2016 ജൂണിനുമിടയിൽ രണ്ടു കുഞ്ഞുങ്ങളെയാണ് ലൂസി കൊലപ്പെടുത്തിയത്. ഫീഡിങ് ബോട്ടിലിൽ ഇൻസുലിൻ കുത്തി വച്ചായിരുന്നു കൊലപാതകം. 2018ലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

അടുത്ത കാലത്ത് ബ്രിട്ടനിൽ നടന്ന ഏറ്റവും ദൈർഘ്യമേറിയ വിചാരണയായിരുന്നു ലൂസി ലെറ്റ്ബിയുടേത്. 20 ദിവസങ്ങളിലായി 100 മണിക്കൂറിലധികം സമയമെടുത്താണ് കോടതി വിധി പുറപ്പെടുവിച്ചത്. മാഞ്ചസ്റ്റർ ക്രൗൺ കോടതിയിലായിരുന്നു വിചാരണ. ഏഴ് കൊലപാതക കേസുകളിലും ഏഴ് കൊലപാതക ശ്രമങ്ങളിലുമായി ആകെ 14 കേസുകളിൽ ലൂസി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.

ലൂസി ലെറ്റ്ബിയുടെ കേസുകളെ കുറിച്ചുള്ള അന്വേഷണത്തിനായി ‘ഓപ്പറേഷൻ ഹമ്മിങ് ബേഡ്’ എന്ന പേരിലൊരു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. 70 ഡിറ്റക്ടീവുകളാണ് സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. 2012 നും 2016 നും ഇടയിൽ ലൂസി ജോലി ചെയ്തിരുന്ന ആശുപത്രികളിൽ ജനിച്ച 4,000-ത്തിലധികം ശിശുക്കളുടെ രേഖകൾ പോലീസ് പരിശോധിച്ച് വരികയാണ്. കുഞ്ഞുങ്ങളുടെ മരണത്തിൽ ദുരൂഹത തോന്നുന്ന മാതാപിതാക്കൾക്ക് ബന്ധപ്പെടാനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറും ഓപ്പറേഷൻ ഹമ്മിങ് ബേഡ് ആരംഭിച്ചിട്ടുണ്ട്.

യുകെയിൽ ജീവിതകാലം മുഴുവൻ ശിക്ഷ അനുഭവിക്കാൻ പോകുന്ന മൂന്നാമത്തെ വനിതയാണ് ലൂസി. 1970 കളിലും 1980 കളിലും ഒമ്പത് യുവതികളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത റോസ്മേരി വെസ്റ്റ് ആണ് പരമാവധി ജയിൽ ശിക്ഷ അനുഭവിക്കുന്ന മറ്റൊരു സ്ത്രീ. ഇപ്പോൾ 69 വയസ്സുള്ള വെസ്റ്റ്, ഒക്‌ടോബർ മുതൽ ലെറ്റ്ബിയെ പാർപ്പിച്ചിരിക്കുന്ന വെസ്റ്റ് യോർക്ക്ഷെയറിലെ എച്ച്എംപി ന്യൂ ഹാളിൽ ശിക്ഷ അനുഭവിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.