സ്വന്തം ലേഖകൻ: യുകെയില്‍ ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ നഴ്സ് ലൂസി ലെറ്റ്ബി (33) കുറ്റക്കാരിയെന്ന് മാഞ്ചെസ്റ്റര്‍ ക്രൗണ്‍ കോടതി. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
അഞ്ച് ആണ്‍കുഞ്ഞുങ്ങളെയും രണ്ടു പെണ്‍കുഞ്ഞുങ്ങളെയുമാണ് കൊലപ്പെടുത്തിയത്. വടക്കന്‍ ഇംഗ്‌ളണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ നവജാതശിശുക്കളുടെ പരിചരണച്ചുമതലയായിരുന്നു ലൂസിക്ക്. 2015-നും 2016-നും ഇടയില്‍ ഇവിടെ ഇവരുടെ ക്രൂരതകള്‍ക്കിരയായത് 13 കുഞ്ഞുങ്ങളാണ്.
”ഞാനൊരു പിശാചാണ്, കുട്ടികളെ നോക്കാന്‍ എനിക്കാവില്ല” -ലൂസി എഴുതിവെച്ച ഞെട്ടിക്കുന്ന കുറിപ്പ് അന്വേഷണസംഘം കണ്ടെത്തി. രാത്രിജോലിക്കിടെ വിഷം കലര്‍ത്തിയ ഇന്‍സുലിന്‍ കുത്തിവെച്ചും അമിതമായി പാലുകുടിപ്പിച്ചുമൊക്കെയാണ് കുഞ്ഞുങ്ങളെ വകവരുത്തിയത്.
കഴിഞ്ഞ ഒക്ടോബര്‍മുതല്‍ കേസിന്റെ വിചാരണ കോടതിയില്‍ നടക്കുകയായിരുന്നു. കുഞ്ഞു നഷ്ടപ്പെടുന്നതിനെക്കാള്‍ ഹൃദയഭേദകമായ വേദന രക്ഷിതാക്കളെ സംബന്ധിച്ച് വേറെയില്ലെന്ന് വിധിപ്രസ്താവനയില്‍ ജൂറി പറഞ്ഞു. ലൂസിക്ക് ആജീവനാന്തം തടവുശിക്ഷ ലഭിക്കുമെന്നാണ് സൂചന.
നവജാതശിശുക്കളുടെ കൂട്ടക്കുരുതി കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ഇന്ത്യന്‍ ഡോക്ടര്‍ രവി ജയറാമിന്റെ ഇടപെടല്‍. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനാണ് അദ്ദേഹം. സഹപ്രവര്‍ത്തകയായിരുന്ന ലൂസി ലെറ്റ്ബിയെക്കുറിച്ച് അദ്ദേഹത്തിന് തോന്നിയ ചില ആശങ്കകളും സംശയങ്ങളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു.
പോലീസ് അടിയന്തരമായി ഇടപെട്ടിരുന്നെങ്കില്‍ ഇന്ന് ചിലകുട്ടികളെങ്കിലും ജീവനോടെയുണ്ടായേനെയെന്ന് ഡോക്ടര്‍ പ്രതികരിച്ചു. 2015 ജൂണില്‍ രോഗങ്ങളൊന്നുമില്ലാത്ത മൂന്നുകുട്ടികള്‍ പെട്ടെന്ന് മരിച്ചതോടെയാണ് ഡോക്ടറില്‍ സംശയമുടലെടുക്കുന്നത്. തന്റെ ആശങ്കകളുന്നയിച്ചെങ്കിലും ആശുപത്രിമാനേജ്മെന്റ് തള്ളി. പിന്നീട് കൂടുതല്‍ കുട്ടികള്‍ മരിച്ചതോടെ മുതിര്‍ന്ന ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചുചേര്‍ത്തു,
അതില്‍ തന്റെ സംശയങ്ങള്‍ പങ്കുവെക്കുകയുംചെയ്തു. പെട്ടെന്ന് ആരോഗ്യം മോശമാവുന്ന കുട്ടികള്‍ ലൂസി പരിചരിക്കുന്നവരാണെന്നും ശ്രദ്ധയില്‍പ്പെടുത്തി. പിന്നീട് 2017 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട് പോലീസിനെ സമീപിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍.എച്ച്.എസ്.) ഡോക്ടര്‍മാരെ അനുവദിച്ചത്. തുടര്‍ന്ന്, സംശയങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നിയ പോലീസ് അന്വേഷണമാരംഭിക്കുകയും അറസ്റ്റിലേക്കെത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല