സ്വന്തം ലേഖകൻ: ഡിജിറ്റൽ ഇക്കോണമി സഹകരണ കരാറിൽ ഇന്ത്യയും സൗദിയും ഒപ്പുവച്ചു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഇ-ഹെൽത്ത്, ഇ-ലേണിങ് എന്നീ മേഖലകളിൽ സൗദി-ഇന്ത്യ സഹകരണം വർധിപ്പിക്കാനും ഡിജിറ്റൽ ഗവേഷണത്തിലും നവീകരണത്തിലും നവീന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും പങ്കാളിത്തം ശക്തിപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നു. സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അബ്ദുല്ല സ്വാഹയും റെയിൽവേ, കമ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്‌ണവുമാണ് കരാറിൽ ഒപ്പുവച്ചത്.
സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും പ്രാദേശിക കേന്ദ്രമെന്ന നിലയിലും നിക്ഷേപത്തിനുള്ള ആകർഷക ലക്ഷ്യസ്ഥാനമെന്ന നിലയിലും സൗദിയുടെ സ്ഥാനം ശക്തമാക്കാനും ഇതു വഴിയൊരുക്കുമെന്നാണ് വിലയിരുത്തുന്നത്. പുതിയ കരാർ അനുസരിച്ച് ഇരുരാജ്യങ്ങളിലും തൊഴിൽ അവസരവും നിക്ഷേപവും വർധിക്കും. ഡിജിറ്റൽ ഇക്കോണമി ശക്തമാകുന്നതോടെ ഇ–വോലറ്റ് വഴി ഇന്ത്യക്കാർക്ക് സൗദിയിൽ ഇടപാട് നടത്താവുന്ന സാഹചര്യം വരുമെന്നാണ് സൂചന.
സംയുക്ത സംരംഭത്തിലൂടെ ഇന്ത്യക്കാർക്ക് സൗദിയിൽ ജോലിയിൽ മുൻഗണന ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. സൗദിയിലെ സർവകലാശാലകളുടെ ഇ–ലേണിങ്, ആശുപത്രികളിലെ ഇ–ഹെൽത്ത് സംവിധാനം മെച്ചപ്പെടുത്താൻ ഇന്ത്യൻ കമ്പനികൾക്ക് അവസരം ലഭിക്കും. വിദഗ്ധ തൊഴിലാളികൾക്ക് അവസരം കൂടുന്നത് മലയാളികൾക്ക് ഗുണകരമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല