1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2023

സ്വന്തം ലേഖകൻ: ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുകയോ യുഎഇയിലെ ഒരു കമ്പനിയില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിക്കുകയോ ചെയ്താല്‍ എത്രകാലം രാജ്യത്ത് തുടരാനാകുമെന്നത് സംബന്ധിച്ച് പ്രവാസികളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ജോലിയില്‍ നിന്ന് മാറിനിന്നാലും തൊഴിലുടമ സര്‍ക്കാര്‍ രേഖകളില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുകയും അതിനു ശേഷം രണ്ടു മാസം പൂര്‍ത്തിയാകുന്നതുവരെയും ഒരാള്‍ക്ക് രാജ്യത്ത് നിയമാനുസൃതം തുടരാനാവുമെന്ന് നിയമവിദഗ്ധര്‍ വിശദീകരിക്കുന്നു.

തൊഴിലാളി-തൊഴിലുടമ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് 2021ലെ 33ാം നമ്പര്‍ ഫെഡറല്‍ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച 2022ലെ കാബിനറ്റ് പ്രമേയം നമ്പര്‍ ഒന്നിലെ വ്യവസ്ഥകളാണ് ഇവിടെ ബാധകമാവുക. ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ജോലിയില്‍ നിന്ന് രാജിവെച്ചകകുകയോ ചെയ്താല്‍ തൊഴിലുടമ ആദ്യം ജീവനക്കാരന്റെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കണമെന്നാണ് നിയമം.

വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിന് വ്യത്യസ്ത നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് യുഎഇ ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രാലയം വ്യക്തമാക്കിയ ഔദ്യോഗിക ചാനലുകള്‍ വഴി വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാന്‍ അപേക്ഷ നല്‍കണം. ഇതോടൊപ്പം ആവശ്യമായ രേഖകളും അറ്റാച്ച് ചെയ്യണം.

വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിലോ പുതുക്കുന്നതിലോ കാലതാമസം വരുത്തുകയോ പുതുക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള പിഴ അടയ്ക്കുക. ജീവനക്കാരനുള്ള കുടിശ്ശിക കൊടുത്തതായി സ്ഥാപനത്തില്‍ നിന്നുള്ള സത്യവാങ്മൂലവും ഇതോടൊപ്പം നല്‍കണം. ഇത് പൂര്‍ത്തിയാവുന്നതോടെ തൊഴിലുടമയ്ക്ക് ഒരാളുടെ താമസ വീസ റദ്ദാക്കാം.

യുഎഇ റെസിഡന്‍സി വീസ റദ്ദാക്കിയാല്‍ 60 ദിവസത്തെ ഗ്രേസ് പിരീഡ് ഉള്ളതിനാല്‍ ഇക്കാലയളവില്‍ രാജ്യത്ത് താമസിക്കുന്നതിനും വിലക്കില്ല. സമയപരിധി തീരുന്നതിനു മുമ്പ് ഒന്നുകില്‍ രാജ്യം വിടുകയോ അല്ലെങ്കില്‍ റെസിഡന്‍സി സ്റ്റാറ്റസ് മാറ്റുകയോ ചെയ്യണം. ഇതിനിടെ പുതിയ ജോലി കണ്ടെത്തുകയാണെങ്കില്‍ ഗ്രേസ് പിരീഡ് അവസാനിക്കുന്നതിന് മുമ്പ് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാനും റെസിഡന്‍സി സ്റ്റാറ്റസ് മാറ്റാനും അപേക്ഷ നല്‍കാന്‍ പുതിയ തൊഴിലുടമയോട് ആവശ്യപ്പെടാവുന്നതാണ്.

വിസിറ്റ് വീസയില്‍ രാജ്യത്ത് ജോലിചെയ്യുന്നത് നിയമവിരുദ്ധമാണ്. റെസിഡന്‍സി വീസയും സാധുതയുള്ള വര്‍ക്ക് പെര്‍മിറ്റും ഇല്ലാതെ യുഎഇയില്‍ ജോലി ചെയ്യുന്നത് അനുവദനീയമല്ല. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ഒരു ജീവനക്കാരനെ നിയമിച്ചാല്‍ പിഴയും രാജ്യത്തുനിന്ന് നാടുകടത്തലും നേരിടേണ്ടിവരും. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജോലിക്കാരെ നിയമിച്ചാല്‍ 50,000 ദിര്‍ഹം മുതല്‍ 200,000 ദിര്‍ഹം വരെയാണ് പിഴ. തൊഴില്‍ കാറിന് സാധുത ലഭിക്കണമെങ്കില്‍ തൊഴിലാളിയും തൊഴിലുടമയും ഇതില്‍ ഒപ്പുവച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.