സ്വന്തം ലേഖകൻ: ഗൾഫിൽ സ്കൂൾ തുറക്കാൻ ഒരാഴ്ച ശേഷിക്കെ കേരളത്തിൽനിന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. മധ്യവേനൽ അവധിക്കു നാട്ടിലേക്ക് പോയി മടങ്ങുന്ന കുടുംബങ്ങൾ ഇതോടെ പ്രതിസന്ധിയിലായി. നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ലഭ്യമല്ല.
പരിമിത സീറ്റിന് പൊള്ളുന്ന നിരക്കാണ്. വിവിധ സെക്ടർ വഴിയുള്ള കണക്‌ഷൻ വിമാനത്തിലാണ് പലരും ടിക്കറ്റ് എടുത്തതെങ്കിലും നിരക്കിന് വ്യത്യാസമില്ല.ഇന്നു കൊച്ചിയിൽനിന്ന് ദുബായിലേക്ക് വൺവേ ടിക്കറ്റിന് 40,000 രൂപയാണ്. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് ദുബായിലേക്കു വരാൻ 1,60,000 രൂപ വേണം.
കഴിഞ്ഞ ആഴ്ച വരെ വൺവേയ്ക്ക് 19,500 രൂപ വരെയായിരുന്നു. വരും ദിവസങ്ങളിൽനിരക്ക് ഇനിയും കൂടുമെന്ന് ട്രാവൽ ഏജൻസികളും സൂചിപ്പിച്ചു. എയർ ഇന്ത്യ, എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് തുടങ്ങിയ എയർലൈനുകളിൽ ഇപ്പോൾ തന്നെ വൺവേ നിരക്ക് 60,000–90,000 രൂപയാണ്. തിരക്ക് കൂടുന്തോറും നിരക്കും കൂടും.
നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ലാത്തതാണ് പ്രതിസന്ധിയിലാക്കുന്നത്. ചെറിയ കുട്ടികളെയുമായി കണക്‌ഷൻ വിമാനങ്ങളിൽ മണിക്കൂറുകളോളം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് മലയാളി കുടുംബങ്ങൾ സൂചിപ്പിച്ചു. അതുകൊണ്ടു തുക അൽപം കൂടിയാലും നേരിട്ടുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുകയാണ് പതിവ്.
എന്നാൽ സീറ്റ് കിട്ടാതെ പ്രയാസത്തിലാണ് പലരും. സീറ്റില്ലാത്തതിനാൽ പലരും യാത്ര രണ്ടാഴ്ചത്തേക്കു നീട്ടിവച്ചു. ഓണം നാട്ടിൽ കൂടിയ ശേഷം തിരിച്ചുവരാനാണ് പദ്ധതി. ഇതുമൂലം സെപ്റ്റംബർ 15 വരെ ഗൾഫിലേക്കുള്ള വിമാനങ്ങളിൽ തിരക്കുതന്നെ. സെപ്റ്റംബർ മൂന്നാം വാരം മുതലേ നിരക്ക് കുറയൂ.
മധ്യവേനൽ അവധി കഴിഞ്ഞ് ജിസിസി രാജ്യങ്ങളിൽ ഈ മാസാവസാനം സ്കൂളുകൾ തുറക്കുന്നതിനാൽ യഥാസമയം തിരിച്ചെത്താനായില്ലെങ്കിൽ കുട്ടികളുടെ പഠനം മുടങ്ങുമെന്ന വേവലാതിയും രക്ഷിതാക്കൾക്കുണ്ട്. ഇതു മനസ്സിലാക്കി ഗൾഫിലേക്ക് അധിക വിമാന സർവീസ് ഏർപ്പെടുത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല