സ്വന്തം ലേഖകൻ: കാനഡയില്‍ കാട്ടുതീയുടെ തീവ്രത കൂടുന്നു. ഞായറാഴ്ച വൈകിയും പലപ്രദേശങ്ങളിലേക്കും കാട്ടുതീ വ്യാപിച്ചു. ഗ്രീസിന്റെ അത്ര വലിപ്പം വരുന്ന പ്രദേശമാണ് കാട്ടുതീ അഭിമുഖീകരിച്ചത്. നാല് മരണങ്ങള് ഇതുവരെ രേഖപ്പെടുത്തിയതായി അല്‍ജെസീറ റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തിലധികം കാട്ടുതീ സംഭവങ്ങള്‍ രാജ്യത്താകമാനമുണ്ടായി. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ യെല്ലോനൈഫെന്ന നഗരത്തില്‍ 30,000 ഓളം വീടുകള്‍ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്കി കഴിഞ്ഞു.
ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രം വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 15,000 പേരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കാട്ടുതീയുടെ തീവ്രത കൂടിയതോടെ ഒഴിപ്പിക്കേണ്ടവരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രം 400-ലധികം കാട്ടുതീ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സ്ഥിതിഗതികള്‍ രൂക്ഷമായതോടെ വെള്ളിയാഴ്ച ബ്രിട്ടീഷ് കൊളംബിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആശുപത്രികളില്‍ നിന്ന് 40 പേരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കാട്ടുതീ മൂലം ചില പ്രധാന പാതകളില്‍ ഗതാഗതത്തിന് ഭാഗികമായി നിരോധനം ഏര്‍പ്പെടുത്തി. ബ്രിട്ടീഷ് കൊളംബിയയിലേക്കുള്ള അനാവശ്യ യാത്രകള്‍ക്ക് പൂര്‍ണ നിരോധനമുണ്ട്.
ഒഴിപ്പിക്കുന്നവരെ താമസിക്കുന്നതിനു താത്കാലിക താമസ സൗകര്യങ്ങളും ബ്രിട്ടീഷ് കൊളംബിയയില്‍ ഒരുങ്ങുന്നുണ്ട്. പ്രവിശ്യയുടെ തെക്കന്‍ മേഖലയിലുള്ള ഒക്കനാഗന്‍ തടാകത്തിന് സമീപം സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായി അധികൃതര്‍ പ്രതികരിച്ചു. പ്രദേശത്തെ കാലാവസ്ഥ അനുകൂലമായതാണ് സഹായകരമായത്. മലനിരകളാല്‍ ചുറ്റപ്പെട്ട മേഖല കൂടിയാണിത്.
മറ്റിടങ്ങളില്‍ പുകമൂടിയ അന്തരീക്ഷം ഗതാഗതതടസ്സം സൃഷ്ടിക്കുന്നതായി പ്രദേശവാസികള്‍ പ്രതികരിച്ചു. ഈ വര്‍ഷം കാനഡയിലെ കാട്ടുതീ ഒരു റെക്കോഡാണ്. രാജ്യത്താകെ ഇതുവരെ 5,700 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,37,000 സ്ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശമാണ് നാശം നേരിട്ടത്. കനേഡിയന്‍ ഇന്റര്‍ഏജന്‍സി ഫോറസ്റ്റ് ഫയര്‍ സെന്റര്‍ കണക്ക് പ്രകാരം നിലവില്‍ സജീവമായ 1,000 കാട്ടുതീ സംഭവങ്ങള്‍ രാജ്യത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല