സ്വന്തം ലേഖകൻ: പാക്കിസ്ഥാൻ അതിർത്തി കടന്ന് വീണ്ടും സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യ. അതിർത്തി കടന്ന് ഭീകര ക്യാംപുകൾ തകർക്കുന്നതിനായി വീണ്ടും സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന റിപ്പോർട്ടുകൾ കരസേനയും പ്രതിരോധ മന്ത്രാലയവും നിഷേധിച്ചു. അതേസമയം, ജമ്മു കശ്മീരിലെ ബാലാകോട്ട് സെക്ടറിൽ നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരരുടെ ശ്രമം തടഞ്ഞതായി സൈന്യം സ്ഥിരീകരിച്ചു. ഇത് സർജിക്കൽ സ്ട്രൈക്കല്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടു ഭീകരർ തിങ്കളാഴ്ച രാവിലെ നിയന്ത്രണ രേഖ കടക്കാൻ ശ്രമം നടത്തുന്നതായി സൈന്യത്തിനു വിവരം ലഭിച്ചിരുന്നതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പ്രതികൂല കാലാവസ്ഥയും മൂടൽമഞ്ഞും മറയാക്കി ബാലകോട്ട് സെക്ടറിലെ ഹാമിർപൂർ പ്രദേശം വഴി ഇന്ത്യയിലേക്കു കടക്കാനായിരുന്നു ഇവരുടെ നീക്കം. ഇതു തടഞ്ഞാതായാണ് വിശദീകരണം.
‘‘ബാലകോട്ട് സെക്ടറിന് എതിർവശത്തുനിന്ന് നിയന്ത്രണ രേഖ കടക്കാൻ ഭീകരർ ശ്രമം നടത്തുന്നതായി ചില ഇന്റലിജൻസ് ഏജൻസികൾ ജമ്മു കശ്മീർ പൊലീസിനു വിവരം നൽകിയിരുന്നു. തുടർന്ന് ഇതേക്കുറിച്ച് സൈന്യത്തിന് ജാഗ്രതാ നിർദ്ദേശം നൽകി. പിന്നീട് പതിയിരുന്ന് ആക്രമണം നടത്തി ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു’ – പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
നേരത്തെ, പാക്ക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ സൈന്യം ഒരിക്കൽക്കൂടി സർജിക്കൽ സ്ട്രൈക്ക് നടത്തിയതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച രാത്രി നിയന്ത്രണ രേഖയ്ക്കും 2.5 കിലോമീറ്റർ ഉള്ളിലേക്കു കടന്ന് ഭീകരരുടെ നാല് ലോഞ്ചിങ് പാഡുകൾ ഇന്ത്യൻ സൈന്യം തകർത്തെന്നായിരുന്നു ചില സ്രോതസുകളെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിൽ 7–8 ഭീകരർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഈ മിഷനിൽ പങ്കെടുത്ത ഇന്ത്യൻ സൈനികർ യാതൊരു കുഴപ്പവും കൂടാതെ തിരിച്ചെത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല