1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2023

സ്വന്തം ലേഖകൻ: അരി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത് ഗള്‍ഫ് പ്രവാസികളെ ദോഷകരമായി ബാധിച്ചേക്കും. ഇന്ത്യന്‍ ഉള്ളിക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ഡിമാന്റുണ്ട്. പ്രധാന കയറ്റുമതി രാജ്യമായ ഇന്ത്യയില്‍ നിന്നുള്ള വരവ് നിലയ്ക്കുന്നതോടെ ഗള്‍ഫ് വിപണിയില്‍ അത് വലിയ തോതില്‍ പ്രതിഫലിക്കുമെന്ന് ആശങ്ക ഉയര്‍ന്നു.

ആഭ്യന്തര വിപണയില്‍ ഉള്ളി ലഭ്യത ഉറപ്പാക്കുന്നതിനാണ് ഇന്ത്യ കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്. കനത്ത മഴയില്‍ കൃഷിനാശം സംഭവിച്ചതാണ് ഇന്ത്യന്‍ വിപണിയില്‍ ഉള്ളി ലഭ്യത കുറയാന്‍ ഇടയാക്കിയത്. ആഗസ്തിലാണ് രാജ്യത്ത് സവാള വിളവെടുപ്പിന്റെ മുഖ്യ സീസണ്‍. ഇന്ത്യക്കാര്‍ പ്രധാനമായി ഉപയോഗിക്കുന്ന ഭക്ഷ്യവിളയാണ് എന്നതിനാല്‍ ഉള്ളി വില ഉയരുന്നത് പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിപണയില്‍ ഇടപെടുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഉള്ളിക്ക് തീരുവ കൂട്ടി കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം വന്നത്. ഇതോടെ വിലവര്‍ധന ഉടന്‍ പ്രാബല്യത്തിലായേക്കും. ലോകത്ത് ഏറ്റവുമധികം ഉള്ളി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യ ഉള്ളിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ സൗദി, യുഎഇ, ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജിസിസി രാജ്യങ്ങളെയും ബംഗ്ലാദേശ്, മലേഷ്യ, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെയും വില ഉയരാന്‍ ഇത് കാരണമാവും.

നേരത്തേ ഉത്പാനക്കുറവ് കാരണം ഇന്ത്യ ബസ്മതി ഒഴികെയുള്ള വെളുത്ത അരി (പോളിഷ്ഡ് ഇനം) കയറ്റുമതി നിരോധിച്ചത് ഗള്‍ഫ് രാജ്യങ്ങളെ ദോഷകരമായി ബാധിച്ചിരുന്നു. മിക്ക ഇനം അരിക്കും ഗള്‍ഫ് രാജ്യങ്ങളില്‍ വില വര്‍ധിച്ചു. ജിസിസി രാജ്യങ്ങളില്‍ അരി ലഭ്യത ഉറപ്പാക്കുന്നതിന് വിയറ്റ്‌നാം, തായ്‌ലന്‍ഡ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അരി ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും വിപണി വില ഉയര്‍ന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ ബസ്മതി അരി ഇപ്പോള്‍ യഥേഷ്ടം ലഭ്യമാണ്. മറ്റ് ഇനം അരികള്‍ സ്‌റ്റോക്കുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നുള്ള ലഭ്യത കുറയുന്നത് വിപണിയെ ബാധിക്കുന്നുണ്ട്. ജിസിസി രാജ്യങ്ങളില്‍ അരി ലഭ്യത ഉറപ്പാക്കുന്നതിന് വിയറ്റ്‌നാം, തായ്‌ലന്‍ഡ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അരി ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുണ്ട്.

ഉത്തരേന്ത്യക്കാരും പാകിസ്താന്‍കാരും മറ്റ് ഏഷ്യക്കാരും ഏറ്റവുമധികം ഉപയോഗിക്കുന്ന ബസ്മതി അരിക്ക് നിരോധനമില്ലെങ്കിലും പച്ചരി, ജീരകശാല, സോന മസൂരി തുടങ്ങിയവയുടെ നിരോധനം ഗള്‍ഫ് നാടുകളിലെ പ്രവാസികളെ കാര്യമായി ബാധിച്ചു. നെയ്‌ച്ചോര്‍, ബിരിയാണി എന്നിവയ്ക്ക് മലയാളികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ജീരകശാല അരിയാണ്. പച്ചരി വില വര്‍ധന ഹോട്ടലുകളെയും പ്രവാസികളെയും ബാധിച്ചിട്ടുണ്ട്. ലോകത്തെ അരി കയറ്റുമതിയുടെ 40 ശതമാനത്തിലേറെയും ഇന്ത്യയാണ് നിയന്ത്രിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.