മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാമിനെ വിമാനത്താവളത്തില്‍ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയ നടപടിയില്‍ അമേരിക്ക ഇന്ത്യയോട് ഖേദം പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച് ഡോ. കലാമിനും കേന്ദ്രസര്‍ക്കാരിനും അമേരിക്ക കത്തയച്ചിട്ടുണ്ട്. കലാമിന് ദേഹപരിശോന നടത്തിയതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് അമേരിക്കയുടെ ഖേദപ്രകടനം. പ്രശ്‌നം അടിയന്തരമായി യു.എസ്.സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമറാവുവിനോട് ആവശ്യപ്പെട്ടിരുന്നു.
സപ്തംബര്‍ 29ന് ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങാനൊരുങ്ങുമ്പോള്‍ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടു തവണ കലാമിനെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയത്.
അതുകഴിഞ്ഞ് വിമാനത്തില്‍ കയറിയശേഷം വീണ്ടുമെത്തിയ ഉദ്യോഗസ്ഥര്‍ കലാമിന്റെ സ്യൂട്ടും ഷൂസും ഒരിക്കല്‍ക്കൂടി പരിശോധിച്ചു. ഇന്ത്യന്‍ പ്രോട്ടോകോള്‍ ഉദ്യോഗസ്ഥന്റെ അഭ്യര്‍ഥന ചെവിക്കൊള്ളാതെയാണ് രണ്ടുവട്ടം കലാമിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്.
ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ലിസ്റ്റില്‍ സുരക്ഷാപരിശോധനകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട വ്യക്തിയാണ് കലാം. എന്നാല്‍, 2009ല്‍ ഡല്‍ഹിയില്‍ വച്ച് യു.എസ്. വിമാനമായ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സിലും കലാമിനെ ദേഹപരിശോധന നടത്തിയിരുന്നു. ഇത് അന്ന് പാര്‍ലമെന്റില്‍ വലിയ ബഹളത്തിന് വഴിവയ്ക്കുകയും ചെയ്തു.
യു.എസിലെ നിയമപ്രകാരം നിലവിലുള്ള കാബിനറ്റ് മന്ത്രിമാരെ മാത്രമേ സുരക്ഷാപരിശോധനയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയൂ. പരിശോധനാസമയത്ത് കലാമിന് അദ്ദേഹം അര്‍ഹിക്കുന്ന പരിഗണന നല്‍കിയിരുന്നെന്ന് യു.എസ്. വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല