സ്വന്തം ലേഖകൻ: പ്രമേഹം കൃത്യമായി നിയന്ത്രിക്കാൻ ഡോക്ടർമാരുടെ പിന്തുണ ഉൾപ്പെടെയുള്ള സേവനങ്ങളുമായി ഖത്തർ ഡയബറ്റിക് അസോസിയേഷന്റെ സൗജന്യ മൊബൈൽ ആപ്പ് പുറത്തിറക്കി. വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ഉൾപ്പെടെ പ്രമേഹം ശരിയായി നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് ‘ക്യുഡിഎ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ. അസോസിയേഷന്റെ എല്ലാവിധ സേവനങ്ങളും ആപ്പിലൂടെ ലഭിക്കുകയും ചെയ്യും.
പ്രമേഹ രോഗികൾക്കുള്ള തുടർ പരിചരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സൗജന്യ ആപ്പ് പുറത്തിറക്കിയത്. പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ മെഡിക്കൽ സംഘത്തിന്റെ നിരന്തരമായ ആശയവിനിമയവും മാർഗനിർദേശങ്ങളും ആവശ്യമാണ്. ആപ്പിലൂടെ വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ പിന്തുണയും മാർഗനിർദേശവും കൃത്യമായി ലഭിക്കും. ഇതിനു പുറമേ രോഗികളുടെ ആരോഗ്യാവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കാനും പിന്തുണയ്ക്കാനും ആപ്പിലൂടെ കഴിയുമെന്ന് ഡയബറ്റിക് അസോസിയേഷൻ ഹെൽത്ത്കെയർ മേധാവി ഡോ. അമൽ അദാം വ്യക്തമാക്കി.
പ്രമേഹ രോഗികൾക്ക് മാത്രമല്ല പ്രമേഹം വരാൻ അപകട സാധ്യത കൂടുതലുള്ളവർക്കും ആപ്പ് ഉപയോഗിക്കാം. ശരീര ഭാരം കുറയ്ക്കാനുള്ള പോഷകാഹാര പ്ലാൻ, അപകട സാധ്യത കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ, പ്രമേഹത്തെ പ്രതിരോധിക്കാനുള്ള കാര്യങ്ങൾ എന്നിവയെല്ലാം സംബന്ധിച്ച കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കും. ഖത്തറിലുള്ളവർക്ക് മാത്രമല്ല വിദേശത്തുള്ളവർക്കും ആപ്പിന്റെ സേവനം ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല