1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2023

സ്വന്തം ലേഖകൻ: ഗൾഫ്–കേരള സെക്ടറിൽ സീസൺ സമയത്തെ വിമാന ടിക്കറ്റ് നിരക്കു വർധനക്കെതിരെയുള്ള നിയമ പോരാട്ടത്തിനു ശക്തിപകരാൻ ജി.സി.സി രാജ്യങ്ങളില‍െ പ്രവാസി സംഘടനകൾ കൈകോർക്കുന്നു. പ്രവാസി വ്യവസായികളായ സജി ചെറിയാനും തോമസ് കോയാട്ടും നേതൃത്വം നൽകുന്ന ഭാരതീയ പ്രവാസി ഫെഡറേഷനു കീഴിലാണ് പ്രവർത്തനം ശക്തമാക്കുന്നത്. പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുക, പുനരധിവാസം ഉറപ്പാക്കുക, വോട്ടവകാശം അനുവദിക്കുക എന്നിവയാണ് സംഘടന മുന്നോട്ടുവയ്ക്കുന്ന മറ്റു പ്രധാന ആവശ്യങ്ങൾ.

ജിസിസി രാജ്യങ്ങളിലെ പ്രവാസി സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് പ്രശ്നം അവതരിപ്പിച്ച് പിന്തുണ സമാഹരിക്കുകയാണിപ്പോൾ. അടുത്ത യോഗം സെപ്റ്റംബർ 7ന് ദുബായിലും ഒമാനിലും നടക്കും. സംഘടനാ ഭാരവാഹികൾക്കു പുറമേ സാമൂഹിക, സാംസ്കാരിക പ്രമുഖരും ഇൻഫ്ലൂവൻസർമാരും പങ്കെടുക്കും. വൈകാതെ മറ്റു രാജ്യങ്ങളിലും യോഗം വിളിച്ച് പോരാട്ടം ശക്തമാക്കും.

രണ്ടാം ഘട്ടത്തിൽ ജിസിസി രാജ്യങ്ങളിൽ സെമിനാറുകളും സിംപോസിയവും നടത്തി പ്രചാരണം ശക്തമാക്കി പൊതുജന പിന്തുണ തേടും. മൂന്നാം ഘട്ട പ്രവർത്തനങ്ങളിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും പങ്കെടുപ്പിക്കാനാണ് ശ്രമം.വർധിച്ച വിമാന ടിക്കറ്റു മൂലം നാട്ടിലേക്കു പോകാൻ സാധിക്കാത്തവർക്കായി ഗൾഫ്–കേരള സെക്ടറിൽ ചാർട്ടേർഡ് വിമാന സർവീസിനു അനുമതി തേടി സജി ചെറിയാൻ സുപ്രീംകോടതിയിലും ഹൈക്കോടതിയിലും നേരത്തെ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു.

നിയമ പോരാട്ടം ഏകോപിപ്പിക്കാൻ വൻ തുക ചെലവിട്ട് ഡൽഹിയിലും ദുബായിലും പ്രത്യേക ഓഫിസ് തുറന്നു. ഭാരതീയ പ്രവാസി ഫെഡറേഷൻ പ്രസിഡന്റ് തോമസ് കോയാട്ടും സജി ചെറിയാൻ 20 ലക്ഷം വീതം എടുത്താണ് പ്രവർത്തന ഫണ്ട് കണ്ടെത്തിയത്. പ്രശ്നപരിഹാരത്തിന് കേന്ദ്ര സർക്കാരിലും സമ്മർദം ചെലുത്തുന്നു. കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിയിൽ സംഘടന മുന്നോട്ടുവച്ച 4 ആവശ്യങ്ങളും ഉൾപ്പെടുത്താൻ സമ്മർദം ചെലുത്തുമെന്നും പറഞ്ഞു. പതിറ്റാണ്ടുകളായി പ്രവാസികൾ നേരിടുന്ന പ്രശ്നപരിഹാരം നേടും വരെ നിയമ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.

വിമാന ടിക്കറ്റ് നിരക്കിൽ കോവിഡിനു മുൻപുണ്ടായിരുന്നതിനെക്കാൾ 41% വർധിച്ചതായി എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തിലാണ് പ്രവാസികളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്താൻ മുന്നിട്ടിറങ്ങുന്നത്.ഇന്ത്യയ്ക്ക് വൻ വിദേശ നാണ്യം നേടിക്കൊടുക്കുന്ന പ്രവാസികളുടെ പ്രശ്നത്തിൽ സർക്കാരിന് ഇനിയും മുഖം തിരിക്കാനാവില്ലെന്നു ഇവർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.