1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2023

സ്വന്തം ലേഖകൻ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായക സ്വാധീനം ചെലുത്തിയ കേന്ദ്രങ്ങളിൽ ഒന്നായ ലണ്ടനിലെ ഇന്ത്യ ക്ലബ് ഇനി ഓർമ്മകളിലേക്ക്. അടച്ചുപൂട്ടലിനെതിരായ നീണ്ട പോരാട്ടം പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്ഥാപനത്തിന് അടുത്ത മാസം പൂട്ട് വീഴുന്നത്.
ചരിത്രപരമായ കൂടികാഴ്ച്ചകൾക്ക് വേദിയായ ക്ലബിനെ കൂടുതൽ ആധുനികവത്കരിച്ച് ഹോട്ടലായി മാറ്റുന്നതിനാണ് ഭൂവുടമകൾ നോട്ടീസ് നൽകിയത്.

ഭൂവുടമകളുടെ പുതിയ തീരുമാനത്തോടെ ഏതാനും വർഷങ്ങൾക്ക് മുമ്പ് ലണ്ടനിലെ സ്ട്രാൻഡിന്റെ ഹൃദയഭാഗത്തുള്ള കെട്ടിടം പൊളിക്കുന്നതിൽ നിന്ന് തടയാനുള്ള പോരാട്ടത്തിൽ വിജയിച്ച ക്ലബിന് പൂട്ട് വീഴുമെന്ന് ഉറപ്പായി. നിലവിൽ ഇന്ത്യ ക്ലബ് ഉടമസ്ഥരായ യാദ്ഗർ മാർക്കറും മകൾ ഫിറോസയും ‘സേവ് ഇന്ത്യ ക്ലബ്’ ക്യാംപെയ്നിലൂടെ ക്ലബ് നിലനിർത്താൻ ശ്രമിച്ചിരുന്നു.

‘‘പൊതുജനങ്ങൾക്കായി ക്ലബ് തുറന്നിരിക്കുന്ന അവസാന ദിവസം സെപ്റ്റംബർ 17 നാണ്. ഇന്ത്യ ക്ലബ് അടച്ചുപൂട്ടുന്നതായി ഞങ്ങൾ വളരെ കഠിനമായ വേദനയോടെ പ്രഖ്യാപിക്കുന്നു’’ – ഇന്ത്യ ക്ലബ് ഉടമസ്ഥർ പറഞ്ഞു. ബ്രിട്ടനിലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രചാരണം നടത്തിയ ഇന്ത്യ ലീഗിൽ ഇന്ത്യ ക്ലബിന് വേരുകൾ ഉണ്ട്. യുകെയിലെ ആദ്യത്തെ ഇന്ത്യൻ ഹൈക്കമ്മീഷണറായ കൃഷ്ണ മേനോൻ ഉൾപ്പെടെയുള്ളവർ സ്ഥാപക അംഗങ്ങളാണ്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം അതിവേഗം വളരുന്ന ബ്രിട്ടീഷ് സൗത്ത് ഏഷ്യൻ കമ്മ്യൂണിറ്റിയുടെ ഒരു കേന്ദ്രമായി ക്ലബ് പെട്ടെന്ന് രൂപാന്തരപ്പെട്ടിരുന്നു. യുവ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഭക്ഷണം കഴിക്കാനും രാഷ്ട്രീയം ചർച്ച ചെയ്യാനും അവരുടെ ഭാവി ആസൂത്രണം ചെയ്യാനും കഴിയുന്ന ഇടമെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ക്ലബ്ബ് എന്ന സ്ഥാപനം പതിറ്റാണ്ടുകൾക്ക് മുൻപ് പ്രവർത്തനം ആരംഭിച്ചത്.

കോൺഗ്രസ് എംപി ശശി തരൂർ അടച്ചുപൂട്ടൽ പ്രഖ്യാപനത്തിൽ ദുഖം രേഖപ്പെടുത്തി. മാധ്യമപ്രവർത്തകനായ പിതാവ് ചന്ദ്രൻ തരൂരിന്റെ ക്ലബുമായുള്ള ബന്ധം വ്യക്തമാക്കി കൊണ്ടായിരുന്നു തരൂർ സമൂഹമാധ്യമത്തിൽ ചരിത്രപരമായ വേദി അടച്ചുപൂട്ടുന്നതിൽ നിരാശ രേഖപ്പെടുത്തിയത്. ലണ്ടനിലെ ബ്രിട്ടീഷ് ഇന്ത്യൻ ചരിത്രത്തിന്റെ നിർണ്ണായകമായ ഭാഗമാണ് ഇതിലൂടെ നഷ്ടമാകുന്നതെന്ന് നിരവധി പേർ സമൂഹ മാധ്യമത്തിൽ അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.