സ്വന്തം ലേഖകൻ: ബ്രിട്ടീഷുകാരുടെ തനത് ശൈലിയിലുള്ള സംഭാഷണം മനസ്സിലാക്കാന്‍ പ്രയാസപ്പെടുന്ന വിദേശ നഴ്സുമാര്‍ക്കായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ഹാന്‍ഡ് ബുക്ക് ഇറക്കി. സാധാരണയായി ബ്രിട്ടീഷുകാര്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യാറുള്ള 50 ഫ്രെയ്സുകളും മറ്റുമാണ് ഇതില്‍ വിശദീകരിച്ചിരിക്കുന്നത്.
ചികിത്സ സമയത്ത് രോഗികളുമായി സുഗമമായി സംവദിക്കാന്‍ ഇത് ഉപകരിക്കും. രോഗിയുടെ വാക്കുകള്‍ നഴ്സിന് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനായില്ലെങ്കില്‍ അത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാന്‍, എന്‍ എച്ച് എസ് വിദേശ നഴ്സുമാരില്‍ അമിതമായി ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് സാധാരണ ഭാഷാശൈലി മനസ്സിലാക്കുവാന്‍ ഹാന്‍ഡ് ബുക്ക് എന്ന ആശയം ഉദിച്ചത്.
പുതിയ കണക്കുകള്‍ പ്രകാരം യു കെയിലെ പുതിയ നഴ്സുമാരുടെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യ, നൈജീരിയ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.മേയ് മാസത്തില്‍ പുറത്തുവിട്ട മറ്റൊരു കണക്ക് പറയുന്നത് 2022-23 കാലഘട്ടത്തില്‍ റെജിസ്റ്റര്‍ ചെയ്ത നഴ്സുമാരില്‍ പകുതിയോളം പേര് വിദേശങ്ങളില്‍ നഴ്സിംഗ് പഠനം നടത്തിയവരാണ് എന്നതാണ്.
കഴിഞ്ഞവര്‍ഷം നിലവില്‍ വന്ന നിയമ പ്രകാരം, വിദേശങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ നഴ്സുമാര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരീക്ഷയില്‍ പരാജയപ്പെട്ടാലും, അവരുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ കുറിച്ച് തൊഴിലുടമ സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. രോഗികളുടെ സുരക്ഷക്കായി വാദിക്കുന്നവര്‍ ഈ നിയമത്തെ കഠിനമായി എതിര്‍ക്കുന്നു. ആശയ വിനിമയം കാര്യക്ഷമമല്ലെങ്കില്‍ അത് ചികിത്സയെ ബാധിക്കും എന്നാണവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോള്‍ ആര് സി എന്‍ പുറത്തിറക്കിയ ശൈലി പുസ്തകം ഏറെ ഉപകാരപ്രദമാകുമെന്ന് ഇവര്‍ പറയുന്നു. വിദേശ നഴ്സുമാര്‍ക്ക് കാര്യക്ഷമമായി സംവദിക്കാനും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടുവാനും ഇത് സഹായകരമാവും ഇത് എന്‍ എച്ച് എസ് സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ലോകത്തെ എല്ലാ ഭാഷകളിലും ചില ആലങ്കാരിക പദങ്ങള്‍ മനസ്സിലുള്ളത് പ്രകടിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്. മിക്കപ്പോഴും ഇത്തരം പ്രയോഗങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകളുടെ നേരര്ത്ഥങ്ങള്ക്ക് അവ ഉദ്ദേശിക്കുന്ന അര്‍ത്ഥവുമായി ബന്ധമുണ്ടായിരിക്കില്ല. ഇത് ആശയക്കുഴപ്പങ്ങള്‍ക്ക് ഇടവെക്കും എന്ന് ആര് സി എന്‍ വക്താവ് പറയുന്നു.
നാട്ടു രാജ്യങ്ങളില്‍ വളരുകയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്ക് അത്തരത്തിലുള്ള പ്രയോഗങ്ങള്‍ മനസ്സിലാകാന്‍ ഇടയില്ല. അവിടെയാണ് ഈ ഹാന്‍ഡ് ബുക്കിന്റെ പ്രസക്തി എന്നും വക്താവ് ചൂണ്ടിക്കാട്ടി. വരുന്ന ഏതാനും വര്‍ഷങ്ങളില്‍ വിദേശ നഴ്സുമാരെ അമിതമായി ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നിരിക്കെ ഇത്തരത്തിലൊരു ഗൈഡ് അത്യന്താപേക്ഷിതമാണെന്നും ആര് സി എന്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല