സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. ചില രാജ്യങ്ങളിലെ വീസ നടപടികൾ നിർത്തിവെച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാകുവാൻ കാരണമെന്ന് ലേബർ റിക്രൂട്ട്മെന്റ് ഓഫീസുകൾ വ്യക്തമാക്കി. രാജ്യത്ത് ഡൊമസ്റ്റിക് വീസ പ്രശ്നം രൂക്ഷമാണെന്നും തൊഴിലാളികൾക്ക് ആവശ്യം കൂടുന്നതിനാൽ പ്രതിസന്ധി വരും മാസങ്ങളിൽ വർദ്ധിക്കുമെന്ന് ഗാർഹിക തൊഴിൽ കാര്യങ്ങളിൽ വിദഗ്ധനായ ബസ്സാം അൽ ഷമരി പറഞ്ഞു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഗാർഹിക തൊഴിലാളികൾക്ക് അനുകൂലമായ നിയമങ്ങളാണ് കുവൈത്തിലുള്ളത്. എന്നാൽ സ്ത്രീ തൊഴിലാളികൾ അടക്കമുള്ളവർ നിലവിലെ കരാർ പുതുക്കുവാൻ വിസമ്മതിക്കുന്നത് കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രത്യേക രാജ്യങ്ങളെ ആശ്രയിക്കാതെ പുതിയ രാജ്യങ്ങളിൽ നിന്നും വീട്ട് ജോലിക്കാരെ കൊണ്ട് വരണം.
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി മെമ്മോറാണ്ടം ഒപ്പിടുന്നതിന് സർക്കാർ മുന്നോട്ടുവരണമെന്നും അതിലൂടെ ജനസംഖ്യാ സന്തുലനം ഉറപ്പാക്കുവാൻ കഴിയുമെന്നും അൽ ഷമരി പറഞ്ഞു. എത്യോപ്യ,ഇന്തോനേഷ്യ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട്മെന്റ് താൽക്കാലികമായി നിർത്തിയതും ഫിലിപ്പീൻസുകാർക്ക് വീസകൾ വിലക്കിയതും തൊഴിലാളി ക്ഷാമം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. നിലവിൽ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമാണ് ഡൊമസ്റ്റിക് റിക്രൂട്ട്മെന്റ് നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല