സ്വന്തം ലേഖകൻ: സ്കൂൾ വിദ്യാർഥികൾക്കുള്ള പിന്തുണ ശക്തിപ്പെടുത്താൻ 2023-24 അധ്യയന വർഷം പുതിയ സംവിധാനം നടപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം. തീരുമാനമെടുക്കൽ പ്രക്രിയകളിൽ സ്കൂൾ പ്രിൻസിപ്പൽമാരെ ശാക്തീകരിക്കാനും സ്കൂൾ അന്തരീക്ഷം കൂടുതൽ ആകർഷകമാക്കാനുമാണ് പുതിയ സംവിധാനത്തിലൂടെ പദ്ധതിയിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ബുഥെയ്ന ബിൻത് അലി അൽ ജാബർ അൽ നുഐമി വ്യക്തമാക്കി. വാർഷിക വിദ്യാഭ്യാസ ഫോറം ഉദ്ഘാടനം ചെയ്താണ് പുതിയ സംവിധാനത്തെക്കുറിച്ച് മന്ത്രി വിശദമാക്കിയത്.
വിദ്യാർഥികളുടെ ശാരീരിക-മാനസിക സുരക്ഷ, സാമൂഹിക പങ്കാളിത്തം, വൈകല്യമുള്ള വിദ്യാർഥികളുടെ ശാക്തീകരണം എന്നിവയുൾപ്പെടെ കുട്ടികളുടെ ജീവിത നിലവാരവുമായി ബന്ധപ്പെട്ടുള്ള സമഗ്ര നയങ്ങൾ വികസിപ്പിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഖത്തർ ദേശീയ ദർശന രേഖ-2030 അനുസൃതമായി അധ്യാപകർക്കായുള്ള പരിശീലന പ്രോഗ്രാമും മന്ത്രി പ്രഖ്യാപിച്ചു.
മധ്യവേനൽ അവധിക്ക് ശേഷം ഈ മാസം 27നാണ് സർക്കാർ, സ്വകാര്യ, കമ്യൂണിറ്റി സ്കൂളുകളിൽ പഠനം പുനരാരംഭിക്കുന്നത്. വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ സ്കൂളുകളിൽ ഒരുക്കങ്ങൾ പൂർത്തിയായി. അധ്യാപകർ കഴിഞ്ഞ ദിവസം മുതൽ തിരികെ ജോലിയിൽ പ്രവേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല